കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ഹൈക്കോടതി ജാമ്യം നല്‍കിയെങ്കിലും ബോബി ചെമ്മണൂര്‍ പുറത്തിറങ്ങിയില്ല. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണൂര്‍ തന്റെ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു എന്നാണ് വിവരം.
റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് താന്‍ ജയിലില്‍ തുടരുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരത്തിലുള്ള തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന് ബോബി ചെമ്മണൂര്‍ പറയുന്നു. അഭിഭാഷകര്‍ ഇല്ലാതെയും ബോണ്ട് തുക കെട്ടിവയ്ക്കാന്‍ കഴിയാതെ നിരവധി തടവുകാര്‍ ജയിലില്‍ ഉണ്ടെന്നും അതിനാല്‍ തന്റെ ജാമ്യം നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണൂര്‍ അഭിഭാഷകരെ അറിയിക്കുകയായിരുന്നു.
ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ബോബിയെ സ്വീകരിക്കാന്‍ നൂറുകണക്കിനു പേര്‍ കാക്കനാട് ജില്ലാ ജയിലിനു മുമ്പില്‍ കാത്ത് നിന്നെങ്കിലും ബോബി ചെമണൂര്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു.
എന്നാല്‍ ചൊവ്വാഴ്ച റിലീസ് ഓര്‍ഡര്‍ ജയിലില്‍ എത്തിയിട്ടില്ലെന്നും സമയപരിധി കഴിഞ്ഞെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. ബോണ്ടില്‍ ബോബി ചെമ്മണൂര്‍ ഒപ്പിടാന്‍ വിസമ്മതിച്ച കാര്യം അധികൃതര്‍ ബുധനാഴ്ച കോടതിയില്‍ അറിയിക്കും.