മോഹിനിയാട്ടത്തില്‍ ആദ്യമായി ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ച് കലാമണ്ഡലം

മോഹിനിയാട്ടത്തില്‍ ആദ്യമായി ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ച് കലാമണ്ഡലം


ചെറുതുരുത്തി(പാലക്കാട്)  : ആര്‍.എല്‍വി രാമകൃഷ്ണനുമായി  ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം. ലിംഗഭേദമന്യേ മോഹിനിയാട്ടത്തില്‍ എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്ന് വൈസ് ചാന്‍സിലര്‍ ബി. അനന്തകൃഷ്ണന്‍ അറിയിച്ചു. വൈകിപ്പോയെങ്കിലും മാറ്റത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് ഭരണസമിതി അംഗങ്ങളും പ്രതികരിച്ചു. മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലാതിരുന്നതില്‍ മാറ്റം വരണം എന്ന ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. മോഹിനിയാട്ടത്തെക്കുറിച്ചും ആര്‍എല്‍വി രാമകൃഷ്ണന് നേരിടേണ്ടിവന്ന അധിക്ഷേപത്തെക്കുറിച്ചും ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് കലാമണ്ഡലത്തിന്റെ തീരുമാനം.

കലാരൂപങ്ങളിലെ ലിംഗവിവേചനം ചൂണ്ടിക്കാട്ടി ഇതിനോടകം തന്നെ പലരും മുന്നോട്ട് വന്നിരുന്നു. കലാമണ്ഡലം സത്യഭാമയുടെ വര്‍ണ അധിഷേപം ഉള്‍പ്പെടെ ചര്‍ച്ചയായപ്പോഴാണ് ഭരണസമിതി യോഗം ചേരാന്‍ തീരുമാനിച്ചത്. പുതിയ ഭരണ സമിതി അംഗങ്ങളെ കൂടെ ഉള്‍പ്പെടുത്തി ചേര്‍ന്ന ആദ്യ യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. ലിംഗഭേദമന്യേ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുമെന്ന് വൈസ് ചാന്‍സിലര്‍ ബി അനന്തകൃഷ്ണന്‍ വ്യക്തമാക്കി.

നേരത്തെ കഥകളി പോലെ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നു. ലിംഗ വിവേചനം അവശേഷിച്ചത് മോഹിനിയാട്ടത്തില്‍ മാത്രമാണ്. വൈകിപ്പോയെങ്കിലും മാറ്റത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ഭരണ സമിതി അംഗങ്ങളും പറഞ്ഞു.  കൂടാതെ പുതിയ മൂന്ന് കോഴ്സുകളും തുടങ്ങാന്‍ കലാമണ്ഡലം തീരുമാനിച്ചു. ഓരോ ഡിപ്പാര്‍ട്ടുമെന്റുകളിലേക്കും കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചാണ് അഡ്മിഷന്‍ നല്‍കുക.

കേരള കലാമണ്ഡലത്തില്‍ എട്ടാം ക്ലാസുമുതല്‍ പിജി കോഴ്‌സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരമുണ്ട് . നൂറിലേറെ വിദ്യാര്‍ഥിനികള്‍ പത്തിലേറെ കളരികളില്‍ ചുവടുറയ്ക്കുന്നു. അതിനാല്‍ തന്നെ അധിക തസ്തിക സൃഷ്ടിക്കേണ്ട ആവശ്യം വരുന്നില്ല. ഇത് ആണ്‍കുട്ടികള്‍ക്ക് മോഹിനിയാട്ടം പഠിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ തടസമാവില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമായാല്‍ മാത്രം തീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെടുക്കാനാണ് കരുതുന്നതെന്നും സമിതി വ്യക്തമാക്കുന്നു