വിഴിഞ്ഞത്തിനായി നല്‍കിയ തുക വായ്പയാണെന്ന് കേന്ദ്ര സര്‍ക്കാര്‍; പലിശ സഹിതം തിരിച്ചടക്കണം

വിഴിഞ്ഞത്തിനായി നല്‍കിയ തുക വായ്പയാണെന്ന് കേന്ദ്ര സര്‍ക്കാര്‍; പലിശ സഹിതം തിരിച്ചടക്കണം


തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഫണ്ടിങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ മലക്കം മറിച്ചില്‍. വിഴിഞ്ഞത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തുക വായ്പയാക്കി മാറ്റി. ഇതിന് പിന്നില്‍ അദാനിയുടെ സമ്മര്‍ദ്ദമെന്നാണ് സൂചന. 817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉപാധിവെച്ചത്. ഇതോടെ ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് അയച്ച കത്തിനു നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഉപാധിവെച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ മലക്കം മറിച്ചിലോടെ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒക്ടോബര്‍ അവസാന ആഴ്ചയിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിന്റെ മിനുട്ട്‌സ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വായ്പയായാണ് നല്‍കിയത് എന്നാണ് കത്തില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ പലിശയുള്‍പ്പെടെ 10,000 കോടി രൂപയോളം സര്‍ക്കാരിന് തിരിച്ചടക്കേണ്ടിവരും.

വിഴിഞ്ഞം പദ്ധതിയുടെ അതെ മോഡലിലുള്ള തൂത്തുക്കുടി അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ സഹായമാണ് നല്‍കിയതെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 8867 കോടി രൂപയുടെ പദ്ധതിയില്‍ 5595 കോടിയും കേരളമാണ് എടുക്കുന്നത്. ഇതിനിടയില്‍ കേന്ദ്രം അനുവദിച്ച പണം വായ്പയാക്കിയാല്‍ വലിയ തുക ആ വിധത്തില്‍ നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. ഇത് കൂടാതെ വിവിധ നികുതികളും ഡ്യൂട്ടികളുമായി വലിയ തുക കേന്ദ്രസര്‍ക്കാരിന് ലഭിക്കുമെന്നിരിക്കെ ഈ നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

അദാനിയാണ് ഈ നീക്കത്തിന്റെ പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. മുന്‍പ് പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാകാന്‍ അദാനി ഗ്രൂപ്പ് വൈകിയിരുന്നു. ആയിരം ദിവസം എന്ന കാലാവധി പാലിക്കാതെയിരുന്ന അദാനി 925 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ടി നിയമപരമായി കേരളം നീങ്ങിയിരുന്നു. ഇതോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കമെന്നാണ് സൂചന.