ആലപ്പുഴ: ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവ സ്ഥലത്തും നാലുപേര്‍ ആശുപത്രിയിലെത്തിയശേഷവുമാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന ഗൗരി ശങ്കര്‍, ആല്‍വിന്‍, കൃഷ്ണദേവ് എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9.45ഓടെയായിരുന്നു അപകടം. വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ മുന്നിലെ ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിച്ചുവീണു. ഇവരുടെ പരിക്ക് ഗുരുതരമല്ല. വണ്ടാനത്തുനിന്ന് ആലപ്പുഴയില്‍ സിനിമക്ക് പോകുകയായിരുന്നു വിദ്യാര്‍ഥികള്‍ എന്നാണ് പറയപ്പെടുന്നത്. ഗുരുവായൂരില്‍നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്നു ബസ്. കനത്ത മഴയായതിനാല്‍ ബസും കാറും അമിതവേഗത്തിലായിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.