കല്‍പറ്റ : വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ ഒരു വീട്ടില്‍ കുടുങ്ങിക്കിടന്ന നാലുപേരെ സൈന്യം ജീവനോടെ കണ്ടെത്തി. നാലു ദിവസമായി ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാലുപേരെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍ ഒരാള്‍ക്ക് പരുക്കുണ്ട്. നാല് പേരെയും രക്ഷിച്ചതായി സൈന്യം അറിയിച്ചു.
പടവെട്ടിക്കുന്നില്‍ 4 പേരെ ജീവനോടെ സൈന്യം കണ്ടെത്തി. 2 പുരുഷന്‍മാരും 2 സ്ത്രീകളുമാണു രക്ഷപ്പെട്ടത്. ഇതിലൊരു പെണ്‍കുട്ടിക്കാണ് കാലിനു പരുക്കേറ്റത്. ജോണി, ജോമോള്‍, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് സൈന്യം രക്ഷിച്ചത്. തിരച്ചിലിനിടെ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ വീട്ടില്‍ കുടുങ്ങുകയായിരുന്നെന്നു സൈന്യം അറിയിച്ചു. നാലു പേരെയും വ്യോമമാര്‍?ഗം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയതായി കരസേന അറിയിച്ചു.
ഉരുള്‍പൊട്ടലുണ്ടായി 78 മണിക്കൂറിന് ശേഷമാണ് ഇവരെ ജീവനോടെ കണ്ടെത്തുന്നത്. ഒരു വീടിന്റെ തകര്‍ന്ന ഭാ?ഗത്തായിരുന്നു ഇവരുണ്ടായിരുന്നത്. വീടിനെ കാര്യമായി ഉരുള്‍പൊട്ടല്‍ ബാധിച്ചില്ലെങ്കിലും വഴിയും മറ്റും തകര്‍ന്നതോടെ നാലുപേരും ഒറ്റപ്പെട്ടുപോയി.
അതേസമയം, ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സൈന്യം നിര്‍മിച്ച ബെയ്ലി പാലം പ്രവര്‍ത്തന സജ്ജമായതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി. സൈന്യവും എന്‍ഡിആര്‍എഫും സംസ്ഥാന സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചില്‍ നടത്തുന്നത്.
ഒരു വീട്ടില്‍ കുടുങ്ങിക്കിടന്ന നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം രക്ഷപ്പെടുത്തി
