തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയിലെ സമാധി വിവാദത്തില്‍ ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തല്‍. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോപന്‍ സ്വാമിയുടെ മൃതദേഹം ഇന്ന് തന്നെ വിട്ടുനല്‍കുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കിയിട്ടുണ്ട്.
'സമാധി' ഇരുത്തിയ സ്ഥലത്ത് തന്നെ സംസ്‌ക്കരിക്കുന്നതില്‍ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന്റെ ആഗ്രഹം അതാണെങ്കില്‍ അവിടെ തന്നെ ചടങ്ങ് നടത്താമെന്നും സ്ലാബില്‍ ഇനി പരിശോധന നടത്തേണ്ട സാഹചര്യമില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.
നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം ചര്‍ച്ചയായത്.
അച്ഛന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്നായിരുന്നു മക്കള്‍ പറഞ്ഞത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുത്തിയതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നും പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞിരുന്നു.
ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്