ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല: പി എം മുബാറക് പാഷയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു; ഡോ. വി പി ജഗദിരാജ് വി.സി

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല: പി എം മുബാറക് പാഷയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു; ഡോ. വി പി ജഗദിരാജ്  വി.സി


തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പി എം മുബാറക് പാഷയുടെ രാജി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചു. കുസാറ്റ് അധ്യാപകന്‍ ഡോ. വി പി ജഗദിരാജാണ് പുതിയ വിസി. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അന്തിമ തീരുമാനം കോടതി വിധി അനുസരിച്ചായിരിക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു. മുബാറക് പാഷ രാജിക്കത്ത് നല്‍കിയെങ്കിലും ഗവര്‍ണര്‍ സ്വീകരിച്ചിരുന്നില്ല. യുജിസിയുടെ അഭിപ്രായം തേടിയശേഷമാണ് രാജി സ്വീകരിച്ചത്.
               നേരത്തെ ഗവര്‍ണര്‍ നടത്തിയ ഹിയറിങ്ങില്‍ ഓപ്പണ്‍ സര്‍വകലാശാല വി സി പങ്കെടുത്തിരുന്നില്ല. കോടതി നിര്‍ദേശപ്രകാരമാണ് ഓപ്പണ്‍, ഡിജിറ്റല്‍, കാലിക്കറ്റ്, സംസ്‌കൃത സര്‍വകശാല വിസിമാരുമായി ഗവര്‍ണര്‍ ഹിയറിങ് നടത്തിയത്. വി സി നിയമനത്തിന്റെ സേര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും വി സിയെ നിയമിക്കാന്‍ പാനലിനു പകരം ഒരു പേര് മാത്രം സമര്‍പ്പിച്ചതും വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാന്‍ കാരണമായി ഗവര്‍ണര്‍ നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്.
            നാലു വി സിമാരും അയോഗ്യരാണെന്നായിരുന്ന് ഹിയറിങ്ങിനു ശേഷമുള്ള ഗവര്‍ണറുടെ നിലപാട്. ചട്ടങ്ങള്‍ പാലിക്കാതെ നിയമിച്ച വി സിമാര്‍ അയോഗ്യരാണെന്ന് യുജിസിയും നിലപാടെടുത്തു. ഡിജിറ്റല്‍ സര്‍വകലാശാലയുടെ വി സി നേരിട്ട് ഹിയറിങ്ങിനു ഹാജരായിരുന്നു. കാലിക്കറ്റ് വി സിയുടെ അഭിഭാഷകനും നേരിട്ട് ഹാജരായി. സംസ്‌കൃത സര്‍വകലാശാല വിസിയുടെ അഭിഭാഷകന്‍ ഓണ്‍ലൈനിലൂടെ ഹാജരായി. ഓപ്പണ്‍ സര്‍വകലാശാല വിസി ഹാജരായില്ല.
             കേരള, കെടിയു, കുസാറ്റ്, എംജി, കണ്ണൂര്‍, മലയാളം, കാര്‍ഷിക, ഫിഷറീസ്, നിയമ സര്‍വകലാശാലകളില്‍ നിലവില്‍ വിസിമാരില്ല. നിയമ സര്‍വകലാശാലയുടെ ചാന്‍സലര്‍ ചീഫ് ജസ്റ്റിസാണ്. ആരോഗ്യസര്‍വകലാശാലയിലും വെറ്ററിനറി സര്‍വകലാശാലയിലും വിസിമാരുണ്ട്