കോട്ടയം: മുൻ മന്ത്രി കെ.ബി ഗണേഷ്കുമാർ എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്ത്. കാലാവധി കഴിഞ്ഞത്തോടെയാണ് ഗണേഷ് കുമാറിനെ പുറത്താക്കിയത്. അംഗത്വം പുതുക്കി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടും എൻ.എസ്.എസ് പുതുക്കി നൽകിയില്ല. ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ മറ്റ് എട്ട് പേർക്കും അംഗത്വം പുതുക്കി നൽകി.
ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും ഗണേഷ്‌കുമാറും അടക്കം 9 ഡയറക്ടർ ബോർഡ് അംഗങ്ങളുടെ കാലാവധിയാണ് കഴിഞ്ഞ ദിവസം കഴിഞ്ഞത്. ഇതിൽ ഗണേഷ് കുമാർ ഒഴികെ എട്ടുപേർക്കും അംഗത്വം പുതുക്കി നൽകി. കുന്നത്തൂർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബുവിനെയാണ് ഗണേഷ് കുമാറിനു പകരം ഡയറക്ടർ ബോർഡിൽ എടുത്തത്.
മുമ്പ് ഗണേഷ് അധ്യക്ഷനായിരുന്ന പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടിരുന്നു. എന്‍.എസ്.എസിനൊപ്പം തന്നെ തുടരുമെന്നും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും കെ.ബി ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. പത്തനാപുരത്തെ താലൂക്ക് യൂണിയൻ പിരിച്ചു വിട്ടതിൽ അടക്കം ജനാധിപത്യവിരുദ്ധ തീരുമാനങ്ങൾ എൻ.എസ്.എസിൽ ഉണ്ടായെന്നാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. എന്നാൽ പത്തനാപുരത്ത് ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുക്കട്ടെയെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ തിരിച്ചടിച്ചു.
കാലാവധി കഴിഞ്ഞപ്പോൾ പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും എന്‍.എസ്.എസില്‍ ജനാധിപത്യമില്ലെന്ന് ആരും പറയില്ലെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ ഗണേഷ് കുമാറിന് കോടതിയില്‍ പോകാവുന്നതാണ്. ജനറല്‍ സെക്രട്ടറിയെ ഗണേഷ് കുമാര്‍ തള്ളിപ്പറയാത്തത് വേലയാണെന്നും അത്തരത്തില്‍ ആരെങ്കിലും തള്ളിപ്പറയാന്‍ ശ്രമിച്ചാല്‍ അഡ്രസ് കാണില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി എൻഎസ്എസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ് ഗണേഷ് കുമാർ. പത്തനാപുരത്തെ പത്മകഫെ നിർമ്മാണത്തിലെ അഴിമതി ആരോപണവും ഇതിനെ തുടർന്ന് താലൂക്ക് യൂണിയൻ അംഗങ്ങൾ ഭൂരിഭാഗം രാജിവച്ചതും പിന്നീട് ഉണ്ടായ വിവാദങ്ങളും ഗണേഷ് കുമാറിനെ എൻഎസ്എസ് ജനറൽ സെക്രട്ടറിയിൽ നിന്ന് അകറ്റിയിരുന്നു. പല തവണ ഗണേശ്കുമാർ സുകുമാരൻ നായരുമായി അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിന് പിന്നാലെയാണിപ്പോൾ ഡയറക്ടർ ബോർഡ് സ്ഥാനം കൂടി തെറിച്ചത്.
അംഗത്വം പുതുക്കി നൽകിയില്ല; എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി ഗണേഷ് കുമാർ പുറത്ത്
