തീരാതെ കസേരകളി; 'ഞാനാണ് ഡയറക്ടറെന്ന് കോടതി പറഞ്ഞിട്ടുണ്ട്'; ഇന്നും ആരോഗ്യവകുപ്പ് ആസ്ഥാനത്തെത്തി ഡോ. റീന

തീരാതെ കസേരകളി; 'ഞാനാണ് ഡയറക്ടറെന്ന് കോടതി പറഞ്ഞിട്ടുണ്ട്'; ഇന്നും ആരോഗ്യവകുപ്പ് ആസ്ഥാനത്തെത്തി ഡോ. റീന


തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് (ഡി.എച്ച്.എസ്) ആസ്ഥാനത്ത് കസേരയെച്ചൊല്ലി ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നു. തനിക്ക് അനുകൂലമായ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെ.എ.ടി) ഉത്തരവ് അനുസരിച്ച് ജോലി ചെയ്യാന്‍ ഡോ.കെ.ജെ റീന ഇന്നും ഡിഎച്ച്എസ് ആസ്ഥാനത്തെത്തി. അതിനിടെ സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ചുമതല ഏറ്റെടുത്ത ഡോ. വി മീനാക്ഷി ചുമതല വിട്ടുനൽകാൻ തയ്യാറായില്ല. 

ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി താന്‍ തള്ളിക്കയറാന്‍ ഇല്ലെന്ന് റീന പറഞ്ഞു. 'കോടതി വിധി അനുസരിച്ചാണ് വന്നത്. ഹൈക്കോടതി വരേണ്ട എന്ന് പറഞ്ഞാല്‍ സന്തോഷത്തോടെ സ്വീകരിക്കും. ഇപ്പോള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഞാനാണ് ഡി.എച്ച്.എസ് എന്ന് പറഞ്ഞിട്ടുണ്ട്. അത് അനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.'- റീന പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ പദവിയുമായി ബന്ധപ്പെട്ട് സർക്കാർ മറ്റൊരു ഉത്തരവ് ഇറക്കിയാല്‍ മാത്രമേ സാങ്കേതികമായി ഡി.എച്ച്.എസ് പദവിയില്‍ തുടരാന്‍ കഴിയുകയുള്ളൂ എന്ന സര്‍ക്കാര്‍ വാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് പറയേണ്ടത് താനല്ലെന്നും കെ.എ.ടിയിലാണ് സർക്കാർ അക്കാര്യം പറയേണ്ടതെന്നും റീന മറുപടി പറഞ്ഞു.

അതേസമയം, വകുപ്പിലെ ദീര്‍ഘാവധികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് ഡോ. വി മീനാക്ഷിയുടെ ആദ്യ സര്‍ക്കുലര്‍ പുറത്തുവന്നു. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പടരുന്ന അടിയന്തര സാഹചര്യത്തിലാണ് നിര്‍ദേശം.  എല്ലാ മെഡിക്കൽ ഓഫീസർമാരും ആശുപത്രികൾ സന്ദർശിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും ഡോക്ടർമാർ കൃത്യസമയത്ത് ഒ പിയിൽ എത്തണമെന്നും ഡയറക്ടർ നിര്‍ദേശിച്ചു. അഡീഷണൽ ഡയറക്ടർക്കും മെഡിക്കൽ ഓഫീസർമാർക്കുമാണ് ഡയറക്ടർ സർക്കുലർ നല്‍കിയിരിക്കുന്നത്.