71-ാം സെക്കന്റില്‍ ഗോള്‍; ലോകകപ്പിലെ വേഗതയേറിയ ഗോള്‍ മൊറോക്കോയ്ക്ക് സ്വന്തം

71-ാം സെക്കന്റില്‍ ഗോള്‍; ലോകകപ്പിലെ വേഗതയേറിയ ഗോള്‍ മൊറോക്കോയ്ക്ക് സ്വന്തം


കാന്‍സസ് സിറ്റി: 71-ാം സെക്കന്റില്‍ സ്‌കോട്ട്‌ലാന്റിന്റെ ഗോള്‍വല കുലുക്കി മൊറോക്കോ. ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളിന്റെ കരുത്തിലാണ് ഉത്തരാഫ്രിക്കന്‍ രാജ്യായ മൊറോക്കോ സ്‌കോട്‌ലന്‍ഡിനെ കീഴടക്കിയത്. ഗ്രൂപ്പ് സിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായാണ് മൊറോക്കോ ഒന്നാമതെത്തിയത്. 

നാല് വര്‍ഷം മുമ്പ് ലോകകപ്പില്‍ സെമിഫൈനലിലെത്തിയ മൊറോക്കോ തുടക്കം മുതല്‍ കളിയില്‍ ആധിപത്യം പുലര്‍ത്തിയാണ് ശ്രദ്ധേയരായ്ത്. ബുധനാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ മൊറോക്കോ ഹെയ്തിയെ നേരിടും. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുള്ള സ്‌കോട്‌ലന്‍ഡ് അഞ്ചുതവണ ചാമ്പ്യന്‍മാരായ ബ്രസീലിനെതിരെയാണ് ഇറങ്ങുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ക്കും മികച്ച എട്ട് മൂന്നാം സ്ഥാനക്കാര്‍ക്കും പ്രീക്വാര്‍ട്ടര്‍ യോഗ്യത ലഭിക്കും.

ബ്രാഹിം ഡയസിന്റെ കൃത്യമായ പാസില്‍ പ്രതിരോധനിരയെ മറികടന്നെത്തിയ സൈബാരി ഗോള്‍കീപ്പറെ കീഴടക്കിയാണ് പന്ത് വലയിലെത്തിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ബ്രസീലിനെതിരെയും ഗോള്‍ നേടിയ സൈബാരി തന്റെ ആദ്യ രണ്ട് ലോകകപ്പ് മത്സരങ്ങളിലും ഗോള്‍ നേടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ താരമായി. ഈജിപ്തിന്റെ മുഹമ്മദ് സലായാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

1966 മുതല്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം ലോകകപ്പിലെ ഒരു മത്സരത്തില്‍ ആഫ്രിക്കന്‍ ടീം നടത്തിയ ഏറ്റവും കൂടുതല്‍ പാസുകള്‍ (601) എന്ന റെക്കോര്‍ഡും മൊറോക്കോ സ്വന്തമാക്കി.

ഹെയ്തിയെതിരെ 1-0ന് ജയിച്ച് 36 വര്‍ഷത്തിനുശേഷം ലോകകപ്പില്‍ വിജയം നേടിയ ആത്മവിശ്വാസത്തോടെയെത്തിയ സ്‌കോട്‌ലന്‍ഡ് തുടക്കത്തില്‍ തന്നെ സമ്മര്‍ദത്തിലായി. അസെദ്ദീന്‍ ഔനാഹി, ബിലാല്‍ എല്‍ ഖന്നൂസ് എന്നിവരുടെ മുന്നേറ്റങ്ങള്‍ തുടര്‍ച്ചയായി സ്‌കോട്‌ലന്‍ഡ് പ്രതിരോധത്തെ വിറപ്പിച്ചു. രണ്ടാം പകുതിയില്‍ സൈബാരിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതും എല്‍ ഖന്നൂസിന്റെ ഹെഡര്‍ ഗോള്‍കീപ്പര്‍ ആംഗസ് ഗണ്‍ രക്ഷപ്പെടുത്തിയതുമാണ് സ്‌കോര്‍ ഉയരാതിരിക്കാന്‍ കാരണം.

മത്സരാവസാന ഘട്ടത്തില്‍ സ്‌കോട്‌ലന്‍ഡ് ആക്രമണം ശക്തമാക്കിയെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.