വാര്‍സോ: രണ്ടാം ലോകമഹായുദ്ധകാലത്തെ വിവാദ ദേശീയവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു സൈനിക യൂണിറ്റിന് പേര് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിക്ക് നല്‍കിയിരുന്ന രാജ്യത്തെ പരമോന്നത ബഹുമതി പോളണ്ട് പിന്‍വലിച്ചു. ഇതിനെതിരെ യുക്രെയ്ന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
യുക്രെയ്‌നിയന്‍ ഇന്‍സര്‍ജന്റ് ആര്‍മി (യു പി എ) എന്ന ദേശീയവാദ സായുധസംഘടനയുടെ പേരില്‍ ഒരു സൈനിക യൂണിറ്റിന് പേര് നല്‍കാന്‍ സെലന്‍സ്‌കി അനുമതി നല്‍കിയതോടെയാണ് വാര്‍സോയും കീവും തമ്മിലുള്ള ബന്ധത്തില്‍ പുതിയ വിള്ളല്‍ ഉണ്ടായത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോളിഷ് ജനവിഭാഗത്തിനെതിരെ കൂട്ടക്കൊലകള്‍ നടത്തിയെന്ന ആരോപണം യു പി എക്കെതിരെയുണ്ട്.
പോളണ്ടിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഈഗിള്‍' സെലന്‍സ്‌കിയില്‍ നിന്ന് പ്രസിഡന്റ് കരോള്‍ നവ്രോക്കി പിന്‍വലിച്ചതായി പ്രഖ്യാപിച്ചു. യുക്രെയ്ന്‍ സര്‍ക്കാരും പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല.
ചരിത്രസത്യങ്ങള്‍ ഒരിക്കലും വിലപേശലിനുള്ള വിഷയമാകാന്‍ പാടില്ലെന്ന് നവ്രോക്കി പറഞ്ഞു. യു പി എയുടെ പേരില്‍ സൈനിക യൂണിറ്റിന് പേര് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പോളണ്ട് പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ യുക്രെയ്ന്‍ നിലപാടില്‍ മാറ്റമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം ഗ്ദാന്‍സ്‌കില്‍ നടക്കാനിരിക്കുന്ന വാര്‍ഷിക യുക്രെയ്ന്‍ റിക്കവറി കോണ്‍ഫറന്‍സിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിവാദം രൂക്ഷമായിരിക്കുന്നത്. സെലന്‍സ്‌കി സമ്മേളനത്തില്‍ പങ്കെടുക്കുമോയെന്നത് വ്യക്തമല്ല.
2023-ല്‍ മുന്‍ പോളിഷ് പ്രസിഡന്റ് ആന്‍ഡ്രെജ് ഡൂഡയാണ് യുക്രെയ്ന്‍- പോളണ്ട് ബന്ധം ശക്തിപ്പെടുത്തുന്നതിലും യൂറോപ്പിലെ ജനാധിപത്യം, സമാധാനം, സുരക്ഷ എന്നിവയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചതിനും മനുഷ്യാവകാശ സംരക്ഷണത്തില്‍ കാണിച്ച ഉറച്ച നിലപാടിനുമുള്ള അംഗീകാരമായി സെലന്‍സ്‌കിക്ക് ഈ ബഹുമതി സമ്മാനിച്ചത്.
പോളണ്ടിന്റെ നടപടി തന്ത്രപരമായ പിഴവ് ആണെന്നും ഇതില്‍ നിന്ന് നേട്ടമുണ്ടാകുക മോസ്‌കോയ്ക്കു മാത്രമാണെന്നും യുക്രെയ്ന്‍ പ്രതികരിച്ചു. പോളണ്ടില്‍ നിന്ന് 2022-ല്‍ ലഭിച്ച ബഹുമതി തിരികെ നല്‍കുമെന്ന് യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ആന്‍ഡ്രി സിബിഗയും പ്രഖ്യാപിച്ചു. പോളണ്ടിന്റെ തീരുമാനം ന്യായീകരിക്കാനാവാത്തതും വികാരപരവുമായതും അനാദരവാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യക്കെതിരായ യുദ്ധത്തില്‍ പോളണ്ടാണ് യുക്രെയ്‌നിന്റെ ഏറ്റവും ശക്തമായ പിന്തുണക്കാരിലൊന്ന്. എന്നാല്‍ അഭയാര്‍ഥികളുടെ ഒഴുക്ക്, ധാന്യ ഇറക്കുമതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, രണ്ടാം ലോകമഹായുദ്ധകാലത്തെ പോളിഷ് കൂട്ടക്കൊലകളുടെ ഓര്‍മകള്‍ തുടങ്ങിയ കാരണങ്ങളാല്‍ സമീപ വര്‍ഷങ്ങളില്‍ യുക്രെയ്‌നോടുള്ള പോളിഷ് ജനങ്ങളുടെ സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ട്.
എന്നിരുന്നാലും, നാലുവര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധകാലത്ത് ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുകയും പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക- മാനുഷിക സഹായങ്ങളുടെ പ്രധാന ഇടനാഴിയായി പ്രവര്‍ത്തിക്കുകയും ചെയ്ത് യുക്രൈന്റെ നിര്‍ണായക സഖ്യരാജ്യമായി പോളണ്ട് തുടരുകയാണ്.
