ഒട്ടാവ: മതസാംസ്‌കാരിക വിഭാഗങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണം തടയാനും ആരാധനാലയങ്ങൾക്ക് സമീപമുള്ള ഭീഷണിപ്പെടുത്തൽ, പ്രതിഷേധങ്ങൾ എന്നിവ നിയന്ത്രിക്കാനും ലക്ഷ്യമിട്ട് കാനഡയിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഗവർണർ ജനറലിന്റെ അംഗീകാരം ലഭിച്ചതോടെയാണ് ക്രിമിനൽ കോഡിൽ ഭേദഗതി വരുത്തുന്ന ബിൽ സി9 നിയമമായത്.
വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന ചിഹ്നങ്ങൾ, തീവ്രവാദവുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ എന്നിവ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നത് പുതിയ നിയമപ്രകാരം കുറ്റകരമാകും. വംശം, മതം, ഭാഷ, ദേശീയത, ലിംഗഭേദം, ലൈംഗികാഭിമുഖ്യം തുടങ്ങിയ അടിസ്ഥാനങ്ങളിൽ വിദ്വേഷം പരത്തുന്നവർക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാനാണ് വ്യവസ്ഥ.
ആരാധനാലയങ്ങൾക്കും സാംസ്‌കാരിക കേന്ദ്രങ്ങൾക്കും സമീപം പ്രതിഷേധങ്ങൾ നടത്തുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും നിയമത്തിന്റെ പ്രധാന ഘടകമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്ഷേത്രങ്ങൾക്ക് മുന്നിൽ ഖാലിസ്ഥാൻ അനുകൂല സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുകയും തീവ്രവാദികളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചിഹ്നങ്ങളും പ്രദർശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയമം ശ്രദ്ധ നേടുന്നത്.
ഈ മാസം ബ്രിട്ടീഷ് കൊളംബിയയിലെ സറെയിലുള്ള ലക്ഷ്മി നാരായൺ ക്ഷേത്രത്തിന് മുന്നിൽ ഖാലിസ്ഥാൻ അനുകൂല പ്രവർത്തകർ നടത്തിയ പ്രതിഷേധവും വലിയ വിവാദമായിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, ജനറൽ വൈദ്യ എന്നിവർ കൊല്ലപ്പെടുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ പ്രചാരണ സാമഗ്രികളും ചില സംഘടനകൾ പ്രദർശിപ്പിച്ചിരുന്നു.
അതേസമയം, ഹിന്ദു, ബുദ്ധ, ജൈന മതവിശ്വാസികൾക്ക് വിശുദ്ധ ചിഹ്നമായ 'സ്വസ്തിക'യെ നിരോധിത നാസി ചിഹ്നങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി, അതിന് പകരം ചരിത്രപരമായി ശരിയായ 'നാസി ഹാക്കൻക്രോയ്‌സ്' എന്ന പദം ഉൾപ്പെടുത്തിയതും ഇന്ത്യൻ വംശജരുടെ സംഘടനകൾ സ്വാഗതം ചെയ്തു.
2023 ഒക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിന് ശേഷം ജൂത സമൂഹത്തിനെതിരായ വിദ്വേഷ സംഭവങ്ങൾ വർധിച്ചതായും, പുതിയ നിയമം വിദ്വേഷ പ്രചാരകർ ലക്ഷ്യമിടുന്ന സമൂഹങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകുമെന്നും കാനഡയിലെ വിവിധ ജൂത സംഘടനകൾ അഭിപ്രായപ്പെട്ടു. നിയമം നടപ്പാകുന്നതോടെ വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ പൊലീസ്, പ്രോസിക്യൂഷൻ സംവിധാനങ്ങൾക്ക് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
വിദ്വേഷ പ്രചാരണത്തിനെതിരെ കടുത്ത നിയമം; ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങൾക്കും നിയന്ത്രണം, കാനഡയിൽ പുതിയ നിയമം പ്രാബല്യത്തിൽ
