വാഷിംഗ്ടൺ: ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ തന്നോടൊപ്പം ഒരു ഫോട്ടോയ്ക്കായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി യാചിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മെലോണിയോട് 'സഹതാപം' തോന്നിയത് കൊണ്ടാണ് ഫോട്ടോയ്ക്ക് സമ്മതിച്ചതെന്നും ട്രംപ് ഒരു ഇറ്റാലിയൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു. ട്രംപിന്റെ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലാണ് മെലോണി പ്രതികരിച്ചത്. താനോ ഇറ്റലിയോ ഒരിക്കലും ആരുടെയും മുന്നിൽ യാചിക്കാറില്ലെന്നും ട്രംപിന്റെ പ്രസ്താവനകൾ 'പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും' അവർ പ്രതികരിച്ചു.
"ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണ്, ഞാൻ ആത്മാർത്ഥമായി അമ്പരന്നു. അമേരിക്കൻ പ്രസിഡന്റ് സ്വന്തം സഖ്യകക്ഷികളോട് ഇങ്ങനെ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല… എല്ലാത്തിനുമുപരി, ഇത് സംഭവിക്കുന്നത് ഇതാദ്യമല്ല,”- അവർ പറഞ്ഞു.
ട്രംപിന്റെ ഈ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ സംഭവത്തിൽ പ്രതിഷേധിച്ച് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ താജാനി അമേരിക്കയിലേക്കുള്ള തന്റെ സന്ദർശനം റദ്ദാക്കി. ട്രംപിന്റെ വാക്കുകൾ ഇറ്റാലിയൻ പ്രധാനമന്ത്രിയെ മാത്രമല്ല, മുഴുവൻ ഇറ്റലിയെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്നോടൊപ്പം ഫോട്ടോയ്ക്കായി മെലോണി യാചിച്ചെന്ന് ട്രംപ്; കള്ളക്കഥയെന്ന് മെലോണി
