തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഡയറക്ടറുടെ കസേരയെച്ചൊല്ലി ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ തർക്കവും നാടകീയ രംഗങ്ങളും വിവാദത്തിൽ. എന്ത് സംഭവിച്ചാലും താൻ ഇരിക്കുന്ന ഔദ്യോഗിക കസേര വിട്ടുതരില്ലെന്ന കർശന നിലപാടിൽ താത്കാലിക ചുമതലയുള്ള ഡോ. മീനാക്ഷി ഉറച്ചുനിന്നതോടെ, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവുമായി ഔദ്യോഗികമായി ചുമതലയേൽക്കാനെത്തിയ ഡോ. കെ.ജെ റീനയ്ക്ക് നിരാശയോടെ മടങ്ങി.
ട്രൈബ്യൂണൽ വിധിയുമായി ചുമതല ഏറ്റെടുക്കുന്നതിനായി റീന ഓഫീസിൽ എത്തിയപ്പോഴാണ് ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഉലച്ച നാടകീയ സംഭവങ്ങളുടെ തുടക്കം. എന്നാൽ നിലവിൽ താല്ക്കാലിക ചുമതലയുള്ള മീനാക്ഷി ചുമതല വിട്ടുനൽകാൻ തയ്യാറായില്ല. ഉയർന്ന അധികാരികളിൽ നിന്നും ചുമതല കൈമാറാൻ തനിക്ക് ഔദ്യോഗികമായ യാതൊരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നും, അതുകൊണ്ട് തന്നെ സീറ്റ് വിട്ടുതരില്ലെന്നും മീനാക്ഷി വ്യക്തമാക്കുകയായിരുന്നു. ഇതോടെ കസേരയ്ക്ക് അവകാശവാദമുന്നയിച്ച് ഇരു ഉദ്യോഗസ്ഥരും തമ്മിൽ ഓഫീസിനുള്ളിൽ കടുത്ത വാഗ്വാദമാണ് ഉണ്ടായത്.
മറ്റ് ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയ പൊതുജനങ്ങളും നോക്കിനിൽക്കെയായിരുന്നു ആരോഗ്യവകുപ്പിന്റെ തലപ്പത്തുണ്ടായ തമ്മിലടി നടന്നത്. ഓഫീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും തങ്ങളുടെ നിലപാടുകളിൽനിന്ന് ഒരടിപോലും പിന്നോട്ടുപോകാൻ തയ്യാറായില്ല.
ഉദ്യോഗസ്ഥർ തമ്മിലുണ്ടായ പോരിന്റെയും തർക്കത്തിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ നാണക്കേടിലാണ് ആരോഗ്യവകുപ്പ്. ഭരണസിരാകേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുടെ ഇത്തരം പരസ്യമായ അധികാര തർക്കങ്ങൾക്കെതിരെ കർശനമായ വകുപ്പുതല അച്ചടക്ക നടപടികൾക്ക് സർക്കാർ മുതിരുമെന്നാണ് സൂചന.
ആരോഗ്യവകുപ്പ് ആസ്ഥാനത്ത് കസേരകളി; 'സീറ്റ് വിട്ടുതരില്ലെന്ന്' മീനാക്ഷി; ചുമതലയേൽക്കാനാകാതെ റീന മടങ്ങി
