റബര്‍ താങ്ങുവില കൂട്ടി, 250 രൂപയാക്കും, മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി കൂട്ടി, ബജറ്റിൽ ഭൂപരിഷ്‌കരണം 2 പ്രഖ്യാപനം

റബര്‍ താങ്ങുവില കൂട്ടി, 250 രൂപയാക്കും, മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി കൂട്ടി, ബജറ്റിൽ ഭൂപരിഷ്‌കരണം 2 പ്രഖ്യാപനം


തിരുവനന്തപുരം: റബര്‍ താങ്ങുവില 250 രൂപയാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. നിലവില്‍ 200 രൂപയാണ് താങ്ങുവില. നെല്ല് സംഭരണം കാര്യക്ഷമമാക്കും. സംഭരണ വില കര്‍ഷകര്‍ക്ക് കൃതമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. നാളികേരത്തിന് പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. കൃഷി സഖി വനിത കര്‍ഷക വികസന പദ്ധതി നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. 

ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രോത്സാഹന നടപടികള്‍ സ്വീകരിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. വയനാട്, ഇടുക്കി ജില്ലകളുടെ സമഗ്ര വികസനത്തിന് ബജറ്റില്‍ പാക്കേജ് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി കൂട്ടിയതായും വി ഡി സതീശന്‍ അറിയിച്ചു.

സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താന്‍ ഭൂപരിഷ്‌കരണം 2 നടപ്പാക്കും. ഇതിനായി മുന്‍കാലങ്ങളില്‍ പ്രസക്തമായിരുന്ന ഭൂനിയമങ്ങള്‍ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമായവ പരിഷ്‌കരിക്കുകയും ചെയ്യും. ഭൂമിയുടെ ലഭ്യത കുറവ്, ഭൂമി സ്വായത്തമാക്കുന്നതിനുള്ള പരിമിതികള്‍, നിയമപരമായ വ്യക്തതയില്ലായ്മ എന്നിവയാണ് കേരളത്തിലെ വ്യാവസായിക അടിസ്ഥാന സൗകര്യ വികസന അഭിലാഷങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നത്. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ കഴിയുന്ന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും. നിലവില്‍ നിക്ഷേപകര്‍ ഭൂമി തേടി വരുമ്പോള്‍ വിശാലമായ ഭൂമി ഉപയോഗിക്കപ്പെടാതെ കിടക്കുകയോ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയോ ആണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സമഗ്രമായ ലാന്‍ഡ് മാനേജ്‌മെന്റ് നയം സര്‍ക്കാര്‍ രൂപീകരിക്കും.

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്താന്‍ ലാന്‍ഡ് ബാങ്ക് സൃഷ്ടിക്കുന്നതിനായി ലാന്‍ഡ് മാനേജ്‌മെന്റ് ഫ്രെയിംവര്‍ക്ക് ഉണ്ടാക്കുകയും ആവശ്യമായ നിയമനിര്‍മമാണം നടത്തുകയും ചെയ്യും. വാണിജ്യ സംരംഭങ്ങള്‍ക്കായി ഭൂമി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കും. വലിയ പദ്ധതികള്‍ക്കായി ലാന്‍ഡ് പൂളിങ് ഫ്രെയിംവര്‍ക്ക് അവതരിപ്പിക്കും. ഭൂമിയേറ്റെടുക്കല്‍ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും.ഇതിനായി കിന്‍ഫ്ര, ഇന്‍കെല്‍ എന്നി സര്‍ക്കാര്‍ ഏജന്‍സികളെ ശക്തിപ്പെടുത്തുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.