ടൈംസ് സ്‌ക്വയറില്‍ വെടിവെപ്പ് പരിഭ്രാന്തി; ഫിഫ ആരാധക തിരക്കിനിടെ 17കാരന്‍ പിടിയില്‍

ടൈംസ് സ്‌ക്വയറില്‍ വെടിവെപ്പ് പരിഭ്രാന്തി; ഫിഫ ആരാധക തിരക്കിനിടെ 17കാരന്‍ പിടിയില്‍


ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഭാഗമായി നഗരത്തില്‍ വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലുണ്ടായ വെടിവെപ്പ് പരിഭ്രാന്തി സൃഷ്ടിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പ്രദേശത്ത് വെടിയൊച്ച കേട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയും വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തുകയും ചെയ്തു.

ഉച്ചയ്ക്ക് 3.30ഓടെ ബ്രോഡ്വേയിലെ 44, 45 തെരുവുകള്‍ക്കിടയിലായിരുന്നു സംഭവം. ലോകകപ്പ് കാണാനെത്തിയ ഫുട്‌ബോള്‍ ആരാധകരും വിനോദസഞ്ചാരികളും യാത്രക്കാരും നിറഞ്ഞുനിന്ന പ്രദേശത്ത് വെടിയൊച്ച മുഴങ്ങിയതോടെ വെടിവെപ്പുകാരുണ്ടെന്ന ആശങ്കയില്‍ ആളുകള്‍ വാഹനങ്ങള്‍ക്കും സുരക്ഷാ ബാരിക്കേഡുകള്‍ക്കും പിന്നില്‍ അഭയം തേടുകയായിരുന്നു.

ആദ്യഘട്ട റിപ്പോര്‍ട്ടുകളില്‍ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി സൂചനകളുണ്ടായിരുന്നെങ്കിലും പിന്നീട് ആര്‍ക്കും പരിക്കില്ലെന്ന് ന്യൂയോര്‍ക്ക് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഒരാള്‍ക്ക് കത്തിക്കുത്തേറ്റതായി സ്ഥിരീകരിച്ചു.

വലിയൊരു സംഘത്തിനിടെയുണ്ടായ തര്‍ക്കം കൈയാങ്കളിയിലേക്ക് വഴിമാറിയതാണ് അക്രമത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷത്തിനിടെ 26 വയസ്സുകാരന് കഴുത്തില്‍ കുത്തേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമല്ലെന്നും അദ്ദേഹം സുഖം പ്രാപിക്കുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്.

സംഭവത്തിന് പിന്നാലെ അതേ സംഘത്തിന് നേരെ 17 വയസ്സുകാരന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അധികം വൈകാതെ കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുകയും ഇയാളില്‍ നിന്ന് തോക്ക് കണ്ടെടുക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം വരെ ഇയാള്‍ക്കെതിരെ ഔദ്യോഗിക കുറ്റം ചുമത്തിയിരുന്നില്ല.

ന്യൂയോര്‍ക്ക് നിക്‌സ് ടീമിന്റെ ചാമ്പ്യന്‍ഷിപ്പ് വിജയാഘോഷ ഘോഷയാത്രയും ലോകകപ്പുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാനെത്തിയ അന്താരാഷ്ട്ര സന്ദര്‍ശകരുടെ സാന്നിധ്യവും കാരണം നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്ന ദിവസത്തിലാണ് സംഭവം ഉണ്ടായത്.

വെടിവെപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതോടെ ഡസന്‍ കണക്കിന് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രദേശത്തിന്റെ ചില ഭാഗങ്ങള്‍ വളഞ്ഞ് തെളിവെടുപ്പ് നടത്തിയ പൊലീസ് ഫോറന്‍സിക് സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നീല നിറത്തിലുള്ള ഹ്യുണ്ടായി കാര്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പരിശോധിച്ചു.

സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റ് ചിലരെ കൂടി ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു.