'ആദ്യം സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കൂ'; ഹിതപരിശോധന വിവാദത്തില്‍ ഫസ്റ്റ് നേഷന്‍സ് നേതാക്കള്‍ക്കെതിരെ ആല്‍ബര്‍ട്ട പ്രീമിയറുടെ മുതിര്‍ന്ന സഹായി

'ആദ്യം സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കൂ'; ഹിതപരിശോധന വിവാദത്തില്‍ ഫസ്റ്റ് നേഷന്‍സ് നേതാക്കള്‍ക്കെതിരെ ആല്‍ബര്‍ട്ട പ്രീമിയറുടെ മുതിര്‍ന്ന സഹായി


എഡ്മന്റണ്‍: കാനഡയില്‍ നിന്ന് ആല്‍ബര്‍ട്ട പ്രവിശ്യ വേര്‍പെടണമോയെന്ന വിഷയത്തില്‍ ഒക്ടോബര്‍ 19ന് നടക്കാനിരിക്കുന്ന ഹിതപരിശോധനയെ ചൊല്ലി വിവാദം രൂക്ഷമാകുന്നതിനിടെ പ്രവിശ്യാ പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിന്റെ ഓഫീസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രൂസ് മക്അലിസ്റ്റര്‍ ഫസ്റ്റ് നേഷന്‍സ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. പ്രീമിയറെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിമര്‍ശിക്കുന്നതിന് പകരം സ്വന്തം സമൂഹങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് മക്അലിസ്റ്റര്‍ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തില്‍, ദാരിദ്ര്യം, ലഹരി ഉപയോഗം, അക്രമം, തൊഴിലില്ലായ്മ, മോശം വിദ്യാഭ്യാസ സാഹചര്യം, കുടുംബാതിക്രമം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളാണ് ഫസ്റ്റ് നേഷന്‍സ് സമൂഹങ്ങള്‍ നേരിടുന്നതെന്നും അവ പരിഹരിക്കുകയാണ് നേതാക്കളുടെ മുന്‍ഗണനയാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫസ്റ്റ് നേഷന്‍സ് നേതാക്കളുടെ ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതാണെന്നും അവരുടെ സമൂഹങ്ങള്‍ സമൃദ്ധിയുടെയും സുരക്ഷയുടെയും മാതൃകകളല്ലെന്നും മക്അലിസ്റ്റര്‍ വിമര്‍ശിച്ചു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രീമിയറും സര്‍ക്കാരും ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ പ്രതികരിക്കുന്നതിലൂടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുമെന്ന് അറിയാമെങ്കിലും യാഥാര്‍ഥ്യങ്ങളെ അവഗണിക്കാനാകില്ലെന്നും മക്അലിസ്റ്റര്‍ വ്യക്തമാക്കി.

ആല്‍ബര്‍ട്ടയിലുടനീളമുള്ള ഫസ്റ്റ് നേഷന്‍സ് വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന അസംബ്ലി ഓഫ് ട്രീറ്റി ചീഫ്‌സ്, പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തും അവരുടെ യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും മുന്നോട്ടുവയ്ക്കുന്ന ഹിതപരിശോധന രാജ്യദ്രോഹപരമായ നടപടിയാണോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിനോട് (ആര്‍സിഎംപി) സമീപിച്ചതിന് പിന്നാലെയാണ് പുതിയ വിവാദം.

ഹിതപരിശോധന സംഘടിപ്പിക്കുന്നത് കരാര്‍ ലംഘനമാണെന്നും കാനഡയുടെ പരമാധികാരത്തിന് ഗുരുതര ഭീഷണി ഉയര്‍ത്തുന്നതാണെന്നും ഫസ്റ്റ് നേഷന്‍സ് നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി ഇത്തരം പ്രകോപനപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് നേതാക്കള്‍ സ്വയം വിലയിരുത്തണമെന്നും പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പറഞ്ഞിരുന്നു.

ട്രിറ്റി 7 ഫസ്റ്റ് നേഷന്‍സ് ചീഫ്‌സ് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ആന്‍ മെനി ഹെഡ്‌സ്, സ്റ്റോണി നകോഡ, സൂറ്റിന നേഷന്‍ നേതാക്കള്‍ മക്അലിസ്റ്ററുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും പ്രീമിയര്‍ക്കെതിരായ രാജ്യദ്രോഹ ആരോപണത്തില്‍ അവര്‍ മുമ്പത്തെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അറിയിച്ചു.

ആല്‍ബര്‍ട്ട വിട്ടുപോകല്‍ വിവാദത്തില്‍ രാജ്യദ്രോഹ ആരോപണം ഉയരുന്നത് ഇതാദ്യമല്ല. ജനുവരിയില്‍ ആല്‍ബര്‍ട്ടയിലെ വിട്ടുപോകല്‍ അനുകൂല സംഘടനയും അമേരിക്കന്‍ ഭരണകൂടവും തമ്മിലുള്ള കൂടിക്കാഴ്ച രാജ്യദ്രോഹത്തിന് തുല്യമാണെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി ആരോപിച്ചിരുന്നു.

ഇതിനിടെ, ഫസ്റ്റ് നേഷന്‍സ് സമൂഹങ്ങളുമായി കൂടിയാലോചന നടത്താതെ സര്‍ക്കാര്‍ മുന്നോട്ടുപോയെന്ന് ചൂണ്ടിക്കാട്ടി വേര്‍പാട് ഹിതപരിശോധനയുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഈ വിധി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം സംബന്ധിച്ച വാദം കോടതി കേട്ടെങ്കിലും തീരുമാനം പിന്നീട് പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി.

ഒക്ടോബര്‍ 19ന് ആല്‍ബര്‍ട്ടയിലെ വോട്ടര്‍മാര്‍ കാനഡയില്‍ തുടരണമോ, അതോ രാജ്യത്തില്‍ നിന്ന് വേര്‍പെടുന്നതിനുള്ള രണ്ടാംഘട്ട ഹിതപരിശോധന നടത്തണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. കാനഡയോടൊപ്പമുള്ള നിലപാടിനാണ് താന്‍ പിന്തുണ നല്‍കുന്നതെന്ന് ഡാനിയേല്‍ സ്മിത്ത് ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയിലെ വേര്‍പാട് അനുകൂല ശക്തികളെ തൃപ്തിപ്പെടുത്താനും പൊതുജന പിന്തുണ നിലനിര്‍ത്താനുമുള്ള രാഷ്ട്രീയ തന്ത്രമാണ് ഈ ഹിതപരിശോധനയെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

മുമ്പും വിവാദങ്ങളില്‍പ്പെട്ട വ്യക്തിയാണ് ബ്രൂസ് മക്അലിസ്റ്റര്‍. കഴിഞ്ഞ വര്‍ഷം അധ്യാപക സമരവുമായി ബന്ധപ്പെട്ട പൊതുയോഗത്തില്‍ ചോദ്യമുന്നയിച്ച കൗമാരക്കാരനെ അടിക്കണമെന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതിന് പിന്നാലെ അദ്ദേഹം പിന്നീട് മാപ്പ് പറഞ്ഞിരുന്നു.