ഇറാനെതിരായ നാവിക ഉപരോധം പിൻവലിച്ച് അമേരിക്ക; നിർണായക 60 ദിവസത്തെ ചർച്ചാ ഘട്ടത്തിലേക്ക് ബന്ധം

ഇറാനെതിരായ നാവിക ഉപരോധം പിൻവലിച്ച് അമേരിക്ക; നിർണായക 60 ദിവസത്തെ ചർച്ചാ ഘട്ടത്തിലേക്ക് ബന്ധം


വാഷിങ്ടൺ:  യുഎസും ഇറാനും തമ്മിലുള്ള ധാരണാപത്രം (MoU) പ്രാബല്യത്തിൽ വന്നതോടെ ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം അമേരിക്ക പിൻവലിച്ചു. രണ്ട് മാസത്തിലേറെയായി തുടരുന്ന നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതായി യുഎസ് സൈന്യം അറിയിച്ചു.

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരം ഇറാനിലെ തുറമുഖങ്ങളിലേക്കും അവിടെ നിന്ന് പുറപ്പെടുന്ന കപ്പലുകളിലേക്കുമുള്ള എല്ലാ തടസങ്ങളും നീക്കിയതായി യുഎസ് സൈന്യം എക്‌സിലൂടെ അറിയിച്ചു. ഉപരോധവുമായി ബന്ധപ്പെട്ട എല്ലാ സൈനിക നടപടികളും അവസാനിപ്പിച്ചെങ്കിലും, കരാറിന്റെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ അമേരിക്കൻ യുദ്ധക്കപ്പലുകൾ മേഖലയിൽ തുടരുമെന്നും വ്യക്തമാക്കി.

ധാരണാപത്രം നിലവിൽ വന്നതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതവും പുനരാരംഭിച്ചു. 110 ദിവസത്തിന് ശേഷം പ്രധാന കപ്പൽ കമ്പനികളുടെ കപ്പലുകൾ ഈ പാതയിലൂടെ സഞ്ചരിച്ചതായി സമുദ്ര ഗതാഗത നിരീക്ഷണ ഏജൻസികൾ അറിയിച്ചു. ബുധനാഴ്ച ആറു കപ്പലുകളും വ്യാഴാഴ്ച 11 കപ്പലുകളും കടലിടുക്ക് കടന്നതായി റിപ്പോർട്ടുണ്ട്.

ഇതിനിടെ, യുഎസും ഇറാനും തമ്മിലുള്ള ബന്ധം ഇപ്പോൾ നിർണായകമായ 60 ദിവസത്തെ നയതന്ത്ര ചർച്ചാ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെയും ഇറാൻ പ്രതിനിധികളുടെയും നേതൃത്വത്തിൽ സ്വിറ്റ്‌സർലൻഡിൽ ചർച്ചകൾ തുടരും.

ഇറാന്റെ എണ്ണ കയറ്റുമതിക്ക് ഇളവുകൾ അനുവദിക്കൽ, ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കൽ, മേഖലയിൽ സ്ഥിരത പുനഃസ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങളാകും ആദ്യഘട്ട ചർച്ചകളിലെ പ്രധാന അജണ്ട.

എന്നാൽ 300 ബില്യൺ ഡോളറിന്റെ പുനർനിർമാണ പദ്ധതി, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകൽ, ഇറാന്റെ ആണവ പദ്ധതിയുടെ അന്താരാഷ്ട്ര മേൽനോട്ടം, മിസൈൽ ശേഷികൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇനിയും ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രധാന തർക്കവിഷയങ്ങളായി തുടരുകയാണ്. പ്രതിരോധ നയങ്ങൾ ചർച്ചാവിഷയമല്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുമ്പോൾ, ആണവ പദ്ധതിയിൽ കർശന നിയന്ത്രണമാണ് അമേരിക്ക ആവശ്യപ്പെടുന്നത്.