പാരിസ്: കൃത്രിമ ബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ എല്ലാവരിലേക്കും എത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഫ്രാൻസിലെ പാരിസിൽ നടന്ന യൂറോപ്പിലെ ഏറ്റവും വലിയ സാങ്കേതികസ്റ്റാർട്ടപ്പ് സമ്മേളനമായ വിവാടെക് 2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ കാഴ്ചപ്പാടിൽ എഐ എന്നത് 'ഓൾ ഇൻക്ലൂസീവ്' (എല്ലാവരെയും ഉൾക്കൊള്ളുന്ന) വികസനമാണെന്ന് മോഡി പറഞ്ഞു. സാങ്കേതികവിദ്യ ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാനും സാമ്പത്തിക വളർച്ചയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും സഹായകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തിലെ വനിതാ ക്ഷീരകർഷകരെ സഹായിക്കുന്ന അമൂളിന്റെ 'സർലാബെൻ' എന്ന എഐ അധിഷ്ഠിത വോയ്സ് അസിസ്റ്റന്റിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ മോഡി, കന്നുകാലികളുടെ ആരോഗ്യവും പോഷണവും സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ സംവിധാനം സഹായിക്കുന്നതായി പറഞ്ഞു.
ഇന്ത്യയിലെ നിക്ഷേപ സാധ്യതകളും സ്റ്റാർട്ടപ്പ് രംഗത്തിന്റെ വളർച്ചയും വിശദീകരിച്ച മോഡി, ആഗോള ടെക് കമ്പനികളെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ക്ഷണിച്ചു. ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സർക്കാർ നടപടികൾ ലളിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനവും ഡിജിറ്റൽ പേയ്മെന്റ് ശൃംഖലയുമാണ് ഇന്ത്യ സൃഷ്ടിച്ചതെന്ന് മോഡി ചൂണ്ടിക്കാട്ടി. ലോകത്തെ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ പകുതിയിലധികവും ഇന്ത്യയുടെ യുപിഐ വഴിയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിലെ ഐഫൽ ടവറിലും പാരിസ് വിമാനത്താവളങ്ങളിലും യുപിഐ ഉപയോഗിക്കാനാകുന്നതും അദ്ദേഹം എടുത്തുപറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ലാൻഡ് ചെയ്ത ആദ്യ രാജ്യമാണ് ഇന്ത്യയെന്നും, ഡിജിലോക്കർ പോലുള്ള ഡിജിറ്റൽ പദ്ധതികൾ കോടിക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ചിട്ടുണ്ടെന്നും മോഡി വ്യക്തമാക്കി. ഇന്ത്യയുമായി കൈകോർക്കാനും സാങ്കേതിക രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുമാണ് അദ്ദേഹം ആഗോള കമ്പനികളോട് ആഹ്വാനം ചെയ്തത്.
'എഐ എല്ലാവർക്കും പ്രയോജനപ്പെടണം'; ആഗോള ടെക് കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോഡി
