വിമാന അപകടത്തിൽ സ്‌പെയിനിൽ വീണത് നാല് ഹൈഡ്രജൻ ബോംബുകൾ; ദിവസങ്ങളോളം വിവരം മറച്ചുവെച്ച് അമേരിക്ക

വിമാന അപകടത്തിൽ സ്‌പെയിനിൽ വീണത് നാല് ഹൈഡ്രജൻ ബോംബുകൾ; ദിവസങ്ങളോളം വിവരം മറച്ചുവെച്ച് അമേരിക്ക


മാഡ്രിഡ്: ശീതയുദ്ധകാലത്ത് ലോകത്തെ നടുക്കിയ ഒരു ആണവ അപകടത്തിന്റെ കഥയാണ് വീണ്ടും ചർച്ചയാകുന്നത്. 1966 ജനുവരി 17ന് അമേരിക്കൻ വ്യോമസേനയുടെ ബി52 ബോംബർ വിമാനം സ്‌പെയിനിന് മുകളിലൂടെ സഞ്ചരിക്കുമ്പോൾ ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കർ വിമാനവുമായി കൂട്ടിയിടിച്ചു. അപകടത്തിൽ നാല് ഹൈഡ്രജൻ ബോംബുകളാണ് സ്‌പെയിനിലെ പലോമാരസ് മേഖലയിലും സമീപ സമുദ്രത്തിലും പതിച്ചത്.

അമേരിക്കയുടെ ആണവ പ്രതിരോധ പദ്ധതിയുടെ ഭാഗമായിരുന്ന വിമാനത്തിലുണ്ടായിരുന്ന ബോംബുകൾ ഹിരോഷിമയിലും നാഗസാക്കിയിലും ഉപയോഗിച്ച ആണവ ബോംബുകളേക്കാൾ നിരവധി മടങ്ങ് ശക്തിയുള്ളവയായിരുന്നു. വിമാനാപകടത്തിന് പിന്നാലെ മൂന്ന് ബോംബുകൾ കരയിലും ഒന്ന് മെഡിറ്ററേനിയൻ കടലിലും വീണു.

കരയിൽ വീണ രണ്ട് ബോംബുകളുടെ സഫോടക ഘടകങ്ങൾ പ്രവർത്തിച്ചതോടെ പ്ലൂട്ടോണിയം വ്യാപകമായി ചിതറുകയും രണ്ട് ചതുരശ്ര കിലോമീറ്ററിലധികം കൃഷിഭൂമി മലിനമാകുകയും ചെയ്തു. മൂന്നാമത്തെ ബോംബ് കേടുപാടുകളില്ലാതെ കണ്ടെത്തി. കടലിൽ വീണ നാലാമത്തെ ബോംബ് കണ്ടെത്താൻ അമേരിക്കൻ നാവികസേനയ്ക്ക് 80 ദിവസം നീണ്ട തിരച്ചിൽ നടത്തേണ്ടിവന്നു.

അപകടത്തെ തുടർന്ന് ഏകദേശം 1,750 ടൺ മലിനമായ മണ്ണും സസ്യാവശിഷ്ടങ്ങളും നീക്കം ചെയ്ത് അമേരിക്കയിലേക്ക് കൊണ്ടുപോയി. എന്നാൽ പ്രദേശവാസികളോട് മലിനീകരണത്തിന്റെ യഥാർത്ഥ വ്യാപ്തി അമേരിക്ക വർഷങ്ങളോളം മറച്ചുവെച്ചതായി പിന്നീട് വെളിപ്പെട്ടു. അന്നത്തെ സ്പാനിഷ് ഭരണകൂടവും അമേരിക്കയുമായി ചേർന്ന് വിവരങ്ങൾ നിയന്ത്രിച്ചെന്നാണ് ചരിത്ര രേഖകൾ പറയുന്നത്.

സംഭവത്തിന് ആറു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പലോമാരസ് മേഖലയിലെ പ്ലൂട്ടോണിയം മലിനീകരണം പൂർണമായും ഇല്ലാതായിട്ടില്ല. 2015ലും കൂടുതൽ ശുചീകരണ നടപടികൾക്കായി അമേരിക്കയും സ്‌പെയിനും പുതിയ ധാരണയിലെത്തിയിരുന്നു.

ഈ അപകടത്തിന് പിന്നാലെ സ്‌പെയിനിന് മുകളിലൂടെ ആണവായുധങ്ങളുമായി അമേരിക്കൻ വിമാനങ്ങൾ പറക്കുന്നത് നിരോധിക്കപ്പെട്ടു. ശീതയുദ്ധകാലത്തെ ആണവ പ്രതിരോധ തന്ത്രങ്ങളുടെ വലിയ അപകടസാധ്യതകളിലൊന്നായി പലോമാരസ് സംഭവം ഇന്നും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.