പത്തനംതിട്ട: ഗവി മീനാറിലെ അങ്കണവാടി ജീവനക്കാരിയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആദിവാസി യുവാവ് മൂഴിയാർ സ്വദേശി വിനോദ് കുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മീനാര്‍ അങ്കണവാടിയിലെ ഹെല്‍പ്പറായ തമിഴ്‌നാട് സ്വദേശി മേനകയാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബലാത്സംഗമെന്നും സംശയമുണ്ട‌്. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു,
ഗവിക്കു സമീപമുള്ള കെഎഫ്ഡിസി കോളനിയിലാണ് യുവതി താമസിച്ചിരുന്നത്. രാവിലെ എട്ടരയ്ക്കു വീട്ടിൽ നിന്നും അഞ്ച് കിലോമീറ്ററോളം ദൂരെയുള്ള മീനാർ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ പിന്നാലെയെത്തിയ വിനോദ് യുവതിയെ അപായപ്പെടുത്തിയെന്നാണു നിഗമനമെന്ന് പോലിസ് പറഞ്ഞു. തമിഴ്നാട് സ്വദേശിനിയായ യുവതി മീനാറിലെ അങ്കണവാടിയിലാണ് ഹെൽപറായി ജോലിചെയ്യുന്നത്. ഗവിയിലാണ് താമസം. മൂന്നുകിലോമീറ്റർ അകലെയാണ് അങ്കണവാടി. ഇവിടേക്കുള്ള പാത പൂർണമായും വനത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്. വഴിമധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങൾ വലിച്ചഴിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ മൃഗങ്ങൾ ആക്രമിച്ച പാടുകളോ മറ്റോ കാണാനില്ലായിരുന്നു. ഇതിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദ് പിടിയിലായത്.
യുവതി അങ്കണവാടിയിൽ എത്താത്തതിനെ തുടർന്ന് ഗവിയിലെ ആളുകളും വനപാലകരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വനത്തിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വിനോദ് കെഎസ്ആർടിസി ബസിൽ കയറി വണ്ടിപ്പെരിയാർ ഭാഗത്തേക്കു പോയതായി വനപാലകർക്കു വിവരം ലഭിച്ചിരുന്നു. തുടർന്ന് വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ വെച്ച് വിനോദിനെ വനപാലകർ കസ്റ്റഡിയിലെടുത്ത് പോലീസിനു കൈമാറുകയായിരുന്നു. മൂഴിയാർ പോലിസ് കേസെടുത്തു.
കഴിഞ്ഞ കുറച്ച് ദിവസമായി യുവതിയെ വിനോദ് പിന്തുടരുകയായിരുന്നു. യുവതിയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ഇയാൾ വനമേഖലയിൽ കുടിൽകെട്ടി താമസിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗവി-മീനാർ വഴിയിൽ കാത്തുനിന്നാണ് യുവതിയെ ഇയാൾ ആക്രമിച്ചത്. ബലാത്സംഗത്തിനിടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആദ്യഘട്ടത്തിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ യുവതിയോട് പ്രണയമുണ്ടായിരുന്നെന്നും അതിനിലാണ് യുവതിയെ കാണാൻ ശ്രമിച്ചതെന്നും പ്രതി പറഞ്ഞു. യുവതിയെ പിടിച്ച് തള്ളിയപ്പോൾ തല കല്ലിലിടിച്ച് താഴേക്കുവീണു. പിന്നീട് തോട്ടിലെ വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി.
ഇയാൾക്കെതിരേ കൊലപാതക ശ്രമത്തിന് മറ്റൊരു കേസുണ്ടെന്നും പോലീസ് പറഞ്ഞു. വണ്ടിപ്പെരിയാർ പോലീസാണ് ആദ്യം ചോദ്യം ചെയ്തത്. മൂഴിയാർ പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. പിടികൂടിയപ്പോൾ ഇയാൾക്കൊപ്പം 13 വയസുള്ള പെൺകുട്ടിയും ഉണ്ടായിരുന്നു. ഇത് സഹോദരിയുടെ മകളാണെന്നാണ് പ്രതി പറയുന്നത്.
ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട നിലയില്‍; ബലാത്സംഗമെന്ന് സംശയം, പ്രതി പിടിയിൽ
