ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ പോർച്ചുഗലിന് തിരിച്ചടി. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച പോർച്ചുഗലിനെ 11ന് സമനിലയിൽ തളച്ച് ഡിആർ കോംഗോ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് സ്വന്തമാക്കി. ലോകകപ്പിൽ കോംഗോയുടെ ആദ്യ ഗോളും ആദ്യ പോയിന്റും ഈ മത്സരത്തിലൂടെയാണ് പിറന്നത്.
മത്സരത്തിന്റെ ആറാം മിനിറ്റിൽ ജോവോ നെവസിലൂടെ പോർച്ചുഗൽ ലീഡെടുത്തു. പെദ്രോ നെറ്റോയുടെ ക്രോസിൽ നിന്നുള്ള ഹെഡറാണ് വലയിലെത്തിയത്. തുടക്കത്തിൽ മധ്യനിരയുടെ ആധിപത്യം ഉറപ്പിച്ച പോർച്ചുഗൽ കൂടുതൽ ഗോളുകൾക്കായി ആക്രമണം തുടർന്നു.
എന്നാൽ കോംഗോ വഴങ്ങിയില്ല. യോനെ വിസ്സയും സെഡ്രിക് ബകാംബുവും മുന്നിൽ നിന്ന് ആക്രമണം നയിച്ചതോടെ മത്സരം ആവേശകരമായി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ലഭിച്ച കോർണറിൽ നിന്ന് യോനെ വിസ്സ ഹെഡറിലൂടെ സമനില ഗോൾ നേടി. ലോകകപ്പിൽ കോംഗോയുടെ ചരിത്രത്തിലെ ആദ്യ ഗോളായിരുന്നു അത്.
രണ്ടാം പകുതിയിൽ റൊണാൾഡോയ്ക്ക് ലഭിച്ച അവസരങ്ങൾ ലക്ഷ്യം കണ്ടില്ല. ബ്രൂണോ ഫെർണാണ്ടസും അവസാന നിമിഷങ്ങളിൽ ഗോൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറുവശത്ത് കോംഗോയുടെ പ്രതിരോധം ഉറച്ചുനിന്നു.
1974ന് ശേഷം ലോകകപ്പിലേക്ക് തിരിച്ചെത്തിയ കോംഗോയ്ക്ക് ഈ സമനില വിജയം പോലെ തന്നെ. കിരീട പ്രതീക്ഷയുമായെത്തിയ പോർച്ചുഗലാകട്ടെ രണ്ട് നിർണായക പോയിന്റുകൾ നഷ്ടപ്പെടുത്തിയ നിരാശയിലാണ്.
റൊണാൾഡോയെ ഞെട്ടിച്ച് കോംഗോ; ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളും പോയിന്റും സ്വന്തമാക്കി
