വാഷിങ്ടൺ/ടെഹ്രാൻ: യുദ്ധം അവസാനിപ്പിക്കാനും സമാധാന ചർച്ചകൾക്ക് വഴിയൊരുക്കാനും ലക്ഷ്യമിട്ടുള്ള യുഎസ്-ഇറാൻ ധാരണാപത്രത്തിന്റെ (MoU) പൂർണരൂപം അമേരിക്ക പുറത്തുവിട്ടു. വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ ഒപ്പിടാനിരിക്കുന്ന കരാറിന്റെ 14 വ്യവസ്ഥകളാണ് മാധ്യമപ്രവർത്തകർക്ക് വായിച്ചകേൾപ്പിച്ചത്.
'ഇസ്‌ലാമാബാദ് ധാരണാപത്രം' എന്ന പേരിലുള്ള രേഖ പ്രകാരം യുഎസും ഇറാനും എല്ലാ സൈനിക നടപടികളും ഉടൻ അവസാനിപ്പിക്കും. ലെബനനിലെയും മറ്റ് യുദ്ധമേഖലകളിലെയും സംഘർഷങ്ങൾ അവസാനിപ്പിക്കുമെന്നും പരസ്പരം ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ലെന്നും കരാറിൽ പറയുന്നു.
ഹോർമുസ് കടലിടുക്ക് 30 ദിവസത്തിനകം പൂർണമായി തുറക്കുക, ഇറാനെതിരായ ഉപരോധങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുക, ഇറാന്റെ മരവിപ്പിച്ചിട്ടുള്ള ഫണ്ടുകൾ ഉപയോഗിക്കാൻ അനുമതി നൽകുക, ഇറാന്റെ സാമ്പത്തിക പുനർനിർമാണത്തിനായി 300 ബില്യൺ ഡോളറിന്റെ വികസനപദ്ധതി തയ്യാറാക്കുക തുടങ്ങിയ നിർദേശങ്ങളും രേഖയിലുണ്ട്.
ആണവായുധം വികസിപ്പിക്കില്ലെന്ന് ഇറാൻ വീണ്ടും ഉറപ്പുനൽകുന്ന കരാറിൽ, സമ്പുഷ്ട യറേനിയത്തിന്റെ ശേഖരം അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (IAEA) മേൽനോട്ടത്തിൽ കുറയ്ക്കുന്നതിനുള്ള നടപടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കരാർ ഒപ്പുവെച്ചാൽ 60 ദിവസത്തെ ചർച്ചകൾക്കുശേഷം അന്തിമ സമാധാന ഉടമ്പടി രൂപപ്പെടുത്തും. അതേസമയം, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിനും പകരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും നേരിട്ട് ധാരണാപത്രത്തിൽ ഒപ്പിടുന്ന സാധ്യതയും ഇറാൻ വിദേശകാര്യ മന്ത്രാലയം പരിഗണിക്കുന്നതായി അറിയിച്ചു.
യുഎസ്-ഇറാൻ ധാരണാപത്രത്തിന്റെ പൂർണരൂപം പുറത്തുവിട്ടു; ട്രംപും പെസെഷ്‌കിയാനും ഒപ്പിടാൻ സാധ്യത
