സി.എം.ആർ.എൽ-എക്‌സാലോജിക് കേസ്: വീണ വിജയനെ ഇ.ഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു

സി.എം.ആർ.എൽ-എക്‌സാലോജിക് കേസ്: വീണ വിജയനെ ഇ.ഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു


കൊച്ചി: സി.എം.ആർ.എൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരത്തോടെയാണ് അവസാനിച്ചത്.

ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ വീണ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മടങ്ങി. കേസിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായി വീണയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

ഈ മാസം 12ന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഇന്നത്തേക്കാണ് ചോദ്യം ചെയ്യൽ മാറ്റിയത്. ഇ.ഡി ഓഫീസിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.

വീണ മാനേജിങ് ഡയറക്ടറായ എക്‌സാലോജിക് സൊല്യൂഷൻസ്, സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയതെന്നും, അനുബന്ധ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെന്നുമാണ് ഇ.ഡിയുടെ ആരോപണം. ഈ തുക കള്ളപ്പണനിരോധന നിയമപ്രകാരം 'കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം' എന്ന വിഭാഗത്തിൽപ്പെടുന്നതാണെന്നാണ് അന്വേഷണ ഏജൻസിയുടെ നിലപാട്.

കേസുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ അധികൃതരെയും ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ഡയറക്ടർമാരെയും ഇ.ഡി കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. ഇ.ഡിയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (എസ്.എഫ്.ഐ.ഒ) ശേഖരിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.