'ഹോക്കി നൈറ്റ് ഇന്‍ കാനഡ' സംപ്രേഷണം അവസാനിക്കുന്നു; ദേശീയ പാരമ്പര്യത്തിന്റെ നഷ്ടത്തില്‍ നിരാശ

'ഹോക്കി നൈറ്റ് ഇന്‍ കാനഡ' സംപ്രേഷണം അവസാനിക്കുന്നു; ദേശീയ പാരമ്പര്യത്തിന്റെ നഷ്ടത്തില്‍ നിരാശ


ഒട്ടാവ: കാനഡയുടെ ഏറ്റവും പ്രശസ്തമായ കായിക സംപ്രേഷണ പരിപാടികളിലൊന്നായ 'ഹോക്കി നൈറ്റ് ഇന്‍ കാനഡ' അവസാനിപ്പിക്കുന്നതായി ദേശീയ ബ്രോഡ്കാസ്റ്ററായ സി ബി സി പ്രഖ്യാപിച്ചതോടെ രാജ്യത്തുടനീളം നിരാശയും വികാരാധീനമായ പ്രതികരണങ്ങളും ഉയര്‍ന്നു.

എന്‍ എച്ച് എല്‍ മത്സരങ്ങളുടെ സംപ്രേഷണാവകാശം കൈവശമുള്ള സ്‌പോര്‍ട്ന്‍സെറ്റുമായി പുതിയ ഉപലൈസന്‍സിങ് കരാറിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ദശാബ്ദങ്ങളായി തുടരുന്ന സംപ്രേഷണം അവസാനിപ്പിക്കുന്നതായി സി ബി സി അറിയിച്ചത്.

കനേഡിയന്‍ ചരിത്ര പോഡ്കാസ്റ്റ് അവതാരകനായ ക്രെയിഗ് ബയര്‍ഡ് ഈ തീരുമാനത്തെ വലിയ ഞെട്ടല്‍ എന്നാണ് വിശേഷിപ്പിച്ചത്.

ഇത് ഒരു ടെലിവിഷന്‍ പരിപാടി മാത്രമല്ലെന്നും കാനഡയുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ആയിരക്കണക്കിന് ഹോക്കി ആരാധകര്‍ നിരാശ പ്രകടിപ്പിച്ചു. 'ഒരു മഹത്തായ യുഗത്തിന്റെ അന്ത്യം', 'കനേഡിയന്‍ ഹോക്കിക്ക് ദുഃഖദിനം', 'വിനാശകരമായ തീരുമാനം' തുടങ്ങിയ പ്രതികരണങ്ങളാണ് കൂടുതലായി പ്രത്യക്ഷപ്പെട്ടത്.

ചിലര്‍ കോര്‍പ്പറേറ്റ് ലാഭതാത്പര്യങ്ങളെയും സര്‍ക്കാര്‍ ധനസഹായത്തിന്റെ കുറവിനെയും വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍ പൊതുപ്രക്ഷേപണ സ്ഥാപനമായ സി ബി സിയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ത്തിക്കാട്ടി.

1936-ല്‍ റേഡിയോ സംപ്രേഷണമായി ആരംഭിച്ച പരിപാടി 1952 മുതല്‍ ടെലിവിഷനിലും സംപ്രേഷണം ചെയ്യാന്‍ തുടങ്ങി. നിരവധി കാനഡക്കാരെ ആദ്യമായി ടെലിവിഷന്‍ വാങ്ങാന്‍ പ്രേരിപ്പിച്ചതും ഈ പരിപാടിയാണെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു.

1955-ല്‍ കായിക സംപ്രേഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച 'ഇന്‍സ്റ്റന്റ് റീപ്ലേ' സാങ്കേതികവിദ്യ വികസിപ്പിച്ചതിന്റെ ക്രെഡിറ്റും ഈ പരിപാടിക്കാണ് നല്‍കപ്പെടുന്നത്.

1968 മുതല്‍ 2008 വരെ പരിപാടിയുടെ പ്രശസ്തമായ തീം സംഗീതം 'കാനഡയുടെ രണ്ടാമത്തെ ദേശീയഗാനം' എന്നറിയപ്പെട്ടിരുന്നു.

1995 മുതല്‍ ആരംഭിച്ച ഇരട്ട മത്സര സംപ്രേഷണങ്ങള്‍  കനേഡിയന്‍ കുടുംബങ്ങളുടെ ശനിയാഴ്ച രാത്രി പതിവിന്റെ ഭാഗമായി മാറിയിരുന്നു. കിഴക്കന്‍ മേഖലയിലെ മത്സരം വൈകുന്നേരവും തുടര്‍ന്ന് പടിഞ്ഞാറന്‍ മേഖലയിലെ മത്സരം രാത്രിയും സംപ്രേഷണം ചെയ്യുമായിരുന്നു.

ടൊറന്റോ ആസ്ഥാനമായ എഴുത്തുകാരനും സംഗീതജ്ഞനുമായ ഡേവ് ബിദിനി ബാല്യകാലത്ത് കുടുംബത്തോടൊപ്പം മത്സരങ്ങള്‍ കണ്ട ഓര്‍മ്മകള്‍ പങ്കുവച്ചു.

ശനിയാഴ്ച രാത്രി മുഴുവന്‍ രാജ്യം മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഒരുമിച്ച് നില്‍ക്കുന്നതുപോലെയായിരുന്നു അതെന്നും ഇന്ന് അതുപോലൊരു അനുഭവം വീണ്ടും ഉണ്ടാകുമോയെന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ടെലിവിഷന്‍ സംപ്രേഷണത്തിന്റെ പഴയ മാതൃക ഇതിനകം തന്നെ മാറിത്തുടങ്ങിയിരുന്നുവെന്നാണ് നിരീക്ഷകര്‍ പറയുന്നത്. സ്മാര്‍ട്ട് ടി വികള്‍, സ്ട്രീമിങ് സേവനങ്ങള്‍, മൊബൈല്‍ ഉപകരണങ്ങള്‍ എന്നിവയുടെ വ്യാപനത്തോടെ പ്രേക്ഷകര്‍ മത്സരങ്ങള്‍ കാണുന്ന രീതിയും മാറി.

മുന്‍ ഹോക്കി നൈറ്റ് ഇന്‍ കാനഡ അവതാരകനായ ഡേവ് ഹോഡ്ജ്, മറ്റ് സ്‌പോര്‍ട്‌സ് ചാനലുകളിലെ സംപ്രേഷണങ്ങളില്‍ നിന്ന് പരിപാടി ഏറെ വ്യത്യസ്തമല്ലാതായിരുന്നുവെന്നും ഈ മാറ്റം 'ഒഴിവാക്കാനാകാത്തതായിരുന്നു' എന്നും അഭിപ്രായപ്പെട്ടു.

ഹോക്കി മത്സരങ്ങളുടെ ടിക്കറ്റ് നിരക്കുകളും സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങളുടെ ചെലവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഹോക്കി താരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനുള്ള അവസരങ്ങള്‍ കുറയുമെന്നാണ് ആശങ്ക.

ഇത് കാനഡയുടെ സംസ്‌കാരത്തിനും രാജ്യത്തെ ഹോക്കിയുടെ ഭാവിക്കും വലിയ നഷ്ടമാണെന്നും  അത്യന്തം പ്രധാനപ്പെട്ട പരിപാടിയായിരുന്നുവെന്നും അത് ഇല്ലാതാകുന്നത് ദേശീയ പാരമ്പര്യത്തിനേറ്റ വലിയ ആഘാതമാണെന്നും ക്രെയ്ഗ് ബെയര്‍ഡ് പറഞ്ഞു.

ഒരു നൂറ്റാണ്ടിനടുത്ത് കാനഡയുടെ കായിക- സാംസ്‌കാരിക ജീവിതത്തിന്റെ പ്രതീകമായി നിലകൊണ്ടിരുന്ന 'ഹോക്കി നൈറ്റ് ഇന്‍ കാനഡ'യുടെ അവസാനത്തോടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.