യുക്രെയ്‌നിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും പിന്തുണ ആവര്‍ത്തിച്ച് ലോകനേതാക്കള്‍

യുക്രെയ്‌നിന്റെ പരമാധികാരത്തിനും  അഖണ്ഡതയ്ക്കും പിന്തുണ ആവര്‍ത്തിച്ച് ലോകനേതാക്കള്‍


പാരീസ്: യുക്രെയ്‌നിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും പൂര്‍ണ പിന്തുണ നല്‍കുന്നതായി ജി7 രാജ്യങ്ങളുടെ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിച്ചു. യുദ്ധഭൂമിയില്‍ സമീപ മാസങ്ങളില്‍ യുക്രെയ്ന്‍ കൈവരിച്ച പുരോഗതിയുടെ പശ്ചാത്തലത്തില്‍ സൈനിക സഹായം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

റഷ്യന്‍ ആക്രമണങ്ങളില്‍ യുക്രെയ്ന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ജി7 നേതാക്കള്‍, രാജ്യത്തിന്റെ നിര്‍ണായക അടിസ്ഥാനസൗകര്യങ്ങള്‍ക്കും സാംസ്‌കാരിക പൈതൃകത്തിനുമെതിരായ ആക്രമണങ്ങളെ അപലപിച്ചു.

യുക്രെയ്‌നിന് കൂടുതല്‍ വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈല്‍ ഇന്റര്‍സെപ്റ്ററുകളും ദീര്‍ഘദൂര ആക്രമണശേഷിയുള്ള സാങ്കേതിക സംവിധാനങ്ങളും നല്‍കാന്‍ ജി7 രാജ്യങ്ങള്‍ ധാരണയിലെത്തി.

യുക്രെയ്‌നിന്റെ ആഭ്യന്തര ആയുധനിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ സൈനിക ഉത്പാദന ലൈസന്‍സുകള്‍ അനുവദിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

റഷ്യയുടെ യുദ്ധസമ്പദ്വ്യവസ്ഥയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുമെന്നും ജി7 നേതാക്കള്‍ അറിയിച്ചു. പ്രത്യേകിച്ച് എണ്ണ- വാതക മേഖലകളെ ലക്ഷ്യമിട്ട് കൂടുതല്‍ ഉപരോധ നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു.

ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള പുതിയ ധാരണയ്ക്ക് പിന്തുണ അറിയിച്ച നേതാക്കള്‍ നിലവിലെ സാഹചര്യത്തില്‍ റഷ്യയ്ക്കെതിരായ അധിക നടപടികള്‍ സ്വീകരിക്കാന്‍ അനുയോജ്യമായ സമയമാണിതെന്നും വിലയിരുത്തി.

അമേരിക്കന്‍ നിര്‍മിത പാട്രിയറ്റ് മിസൈലുകള്‍ സ്വന്തം രാജ്യത്ത് നിര്‍മ്മിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം യുക്രെയ്ന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക സഹകരണവും ലൈസന്‍സിംഗ് സംവിധാനങ്ങളും ചര്‍ച്ചയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി യുക്രെയ്ന്‍ വിഷയത്തില്‍ വളരെ സൃഷ്ടിപരമായ ചര്‍ച്ച നടത്തിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. 

യുക്രെയ്‌നിനൊപ്പം ഉറച്ചുനില്‍ക്കണമെന്ന കാര്യത്തില്‍ ജി7 നേതാക്കള്‍ക്കിടയില്‍ ശക്തമായ ഐക്യമുണ്ടെന്നും റഷ്യയ്ക്കെതിരായ കൂടുതല്‍ ഉപരോധങ്ങള്‍ അതിന്റെ ഭാഗമാണെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.

ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക്ക് മെര്‍സ് ജി7 ഉച്ചകോടിയുടെ ഫലം യുക്രെയ്‌നിനുള്ള പിന്തുണ ശക്തമാണെന്ന് തെളിയിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു.

റഷ്യയ്ക്കെതിരായ സമ്മര്‍ദം എല്ലാ ജി7 അംഗരാജ്യങ്ങളും കൂടുതല്‍ ശക്തമാക്കുമെന്ന വ്യക്തമായ സന്ദേശമാണ് ഉച്ചകോടി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അറ്റ്‌ലാന്റിക് സഖ്യരാജ്യങ്ങള്‍ക്കിടയിലെ ഐക്യത്തിനും ദൃഢനിശ്ചയത്തിനും പുതിയൊരു ദിശാബോധം നല്‍കുന്നുവെന്നും സമാധാന ചര്‍ച്ചകളിലേക്കുള്ള നിര്‍ണായക ചുവടുവയ്പായി ഇത് മാറിയേക്കാമെന്നും മെര്‍സ് കൂട്ടിച്ചേര്‍ത്തു.