ടെഹ്രാൻ: അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനെയിയുടെ അന്ത്യയാത്ര ഇറാഖ് വഴി കടന്നപോകുമെന്ന് ഇറാൻ അധികൃതർ അറിയിച്ചു. ഫെബ്രുവരിയിൽ യു.എസ്-ഇസ്രായേൽ സംയുക്ത മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനെയിയുടെ സംസ്‌കാരച്ചടങ്ങുകൾ ജൂലൈ 4 മുതൽ 9 വരെ നടക്കുമെന്നാണ് വിവരം.
ടെഹ്രാൻ മേയർ അലിറേസ സക്കാനിയാണ് ചടങ്ങുകളുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. ജൂലൈ 8ന് ഇറാഖിൽ പൊതുദർശനവും അനുസ്മരണ പരിപാടികളും നടക്കും. തുടർന്ന് ജൂലൈ 9ന് ഖമേനെയിയുടെ ഭൗതികശരീരം ഇറാനിലെ വിശുദ്ധ നഗരമായ മഷ്ഹദിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കുമെന്നാണ് അറിയിപ്പ്.
ഷിയാ മുസ്ലിം വിശ്വാസികളുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ കർബല, നജഫ് എന്നിവ ഉൾപ്പെടുന്ന ഇറാഖിലൂടെ അന്ത്യയാത്ര കടത്തിവിടുന്നതിലൂടെ മേഖലയിലെ മതപരമായ ഐക്യത്തിന്റെ സന്ദേശം നൽകാനാണ് ഇറാന്റെ ശ്രമമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഇറാഖിലെ ഏതെല്ലാം നഗരങ്ങളിലൂടെയാകും അന്ത്യയാത്ര കടന്നപോകുകയെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ടെഹ്രാനിൽ നടക്കുന്ന ചടങ്ങുകളിൽ ഏകദേശം രണ്ട് കോടി പേർ പങ്കെടുക്കുമെന്നാണ് ഇറാൻ പ്രതീക്ഷിക്കുന്നത്. 1989ൽ മുൻ പരമോന്നത നേതാവ് ആയത്തുല്ല റുഹൊല്ല ഖൊമേനെയിയുടെ സംസ്‌കാരച്ചടങ്ങിൽ ഒരു കോടിയോളം പേർ പങ്കെടുത്തിരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്.
വിപുലമായ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങളും മറ്റ് ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ഇറാൻ അധികൃതർ അറിയിച്ചു.
ആയത്തുള്ള ഖമേനെയിയുടെ അന്ത്യയാത്ര ഇറാഖ് വഴി; ജൂലൈ 9ന് മഷ്ഹദിൽ സംസ്‌കാരം
