ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ മോഡിയെ പ്രശംസിച്ച് ട്രംപ്

ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ മോഡിയെ പ്രശംസിച്ച് ട്രംപ്


വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ  നേതൃത്വത്തില്‍ ഇന്ത്യ അന്താരാഷ്ട്ര തലത്തിലെ എല്ലാ പ്രധാന തീരുമാനങ്ങളിലും വലിയ പങ്കുവഹിക്കുന്ന രാജ്യമാണെന്നും മോഡി രാജ്യത്തെ നയിക്കുന്നിടത്തോളം കാലം ആ സ്വാധീനം തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. ബുധനാഴ്ച നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇന്ത്യയുടെ ആഗോള സ്വാധീനത്തെ പ്രശംസിച്ച അദ്ദേഹം പ്രധാനമന്ത്രി മോഡിയെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ ചര്‍ച്ചക്കാരില്‍ ഒരാളായും വിശേഷിപ്പിച്ചു.

പുറമേ കാണുമ്പോള്‍ വളരെ സൗമ്യനും സ്‌നേഹപൂര്‍വവുമായ വ്യക്തിയാണെന്ന് തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ വളരെ ശക്തനും ഉറച്ച നിലപാടുള്ള നേതാവുമാണെന്ന് ട്രംപ് പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാനുള്ള സന്ദേശമെന്താണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇന്ത്യയ്ക്ക് വൈറ്റ് ഹൗസില്‍ ഒരു മികച്ച സുഹൃത്തുണ്ടെന്ന് ട്രംപ് പറഞ്ഞു.

ഇന്ത്യയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി താന്‍ കരുതുന്നില്ലെന്നും ഇവിടെ എല്ലാവര്‍ക്കും ഇന്ത്യയോട് വലിയ സ്‌നേഹവും ബഹുമാനവുമുണ്ടെന്നും പ്രത്യേകിച്ച് പ്രധാനമന്ത്രി മോഡിയോട് എല്ലാവര്‍ക്കും അതിയായ ആദരവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ- അമേരിക്ക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള ചര്‍ച്ചകളാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.