ട്രംപിന്റെ വൈറ്റ് ഹൗസിൽ നിന്ന് വനിതാ ഉദ്യോഗസ്ഥർ പടിയിറങ്ങുന്നതെന്തിന്?; 'കടുത്ത സമ്മർദവും നിരീക്ഷണവും' കാരണമെന്ന് റിപ്പോർട്ട്

ട്രംപിന്റെ വൈറ്റ് ഹൗസിൽ നിന്ന് വനിതാ ഉദ്യോഗസ്ഥർ പടിയിറങ്ങുന്നതെന്തിന്?; 'കടുത്ത സമ്മർദവും നിരീക്ഷണവും' കാരണമെന്ന് റിപ്പോർട്ട്


വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിൽ നിന്ന് പ്രമുഖ വനിതാ ഉദ്യോഗസ്ഥർ തുടർച്ചയായി പിന്മാറുന്നതിന് പിന്നിൽ കടുത്ത ജോലിസമ്മർദവും കർശനമായ പ്രവർത്തനാന്തരീക്ഷവുമാണെന്ന് റിപ്പോർട്ട്. വൈറ്റ് ഹൗസിലെ ഒരു അജ്ഞാത ഉദ്യോഗസ്ഥയെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടിലാണ് ഈ ആരോപണം.

ട്രംപിന്റെ വൈറ്റ് ഹൗസ് ഒരു 'മീറ്റ്‌ഗ്രൈൻഡർ' പോലെയുള്ള ജോലിസ്ഥലമാണെന്ന് ഉദ്യോഗസ്ഥ ആരോപിച്ചു. പൂർണ വിശ്വസ്തതയും അതിവേഗ ഫലങ്ങളും പ്രതീക്ഷിക്കുന്ന അന്തരീക്ഷത്തിൽ ജോലിജീവിത സന്തുലനം ഇല്ലാതെയാണെന്നും അവർ പറഞ്ഞു.

'ട്രംപിനോടുള്ള അചഞ്ചലമായ വിശ്വസ്തതയും ശരിയായ തീരുമാനങ്ങളും ഒരേസമയം പാലിക്കേണ്ട സാഹചര്യമാണുള്ളത്. സ്ത്രീകൾക്ക് ഇവിടെ കൂടുതൽ സൂക്ഷ്മമായ നിരീക്ഷണമാണ് നേരിടേണ്ടിവരുന്നത്. പിഴവുകൾക്ക് യാതൊരു ഇടവും ലഭിക്കുന്നില്ല,' ഉദ്യോഗസ്ഥ വ്യക്തമാക്കി.

സമീപ മാസങ്ങളിൽ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം, തൊഴിൽ സെക്രട്ടറി ലോറി ഷാവസ്ഡിറെമർ, അറ്റോർണി ജനറൽ പാം ബോണ്ടി, ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൽസി ഗബ്ബാർഡ് എന്നിവർ സ്ഥാനമൊഴിയുകയോ പിന്മാറ്റം പ്രഖ്യാപിക്കുകയോ ചെയ്തിരുന്നു.

ഇവരുടെ പിന്മാറ്റത്തിന് ഔദ്യോഗികമായി വ്യത്യസ്ത കാരണങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, റിപ്പോർട്ട് ഉയർത്തുന്ന ആരോപണങ്ങൾ വൈറ്റ് ഹൗസിലെ തൊഴിൽ സംസ്‌കാരത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. അതേസമയം, ഈ ആരോപണങ്ങളോട് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.