കൊച്ചി: വൈദ്യുതി മുടക്കിയാൽ ആളുകൾ വെറുതേയിരിക്കില്ല. അതും കാൽപ്പന്ത് കളിയുടെ ജ്വരം പിടിച്ചിരിക്കുന്നതിനിടെയാണെങ്കിൽ പ്രത്യേകിച്ചും. ലോകകപ്പ് മത്സരം നടക്കുന്നതിനിടെ ലോഡ്ഷെഡിംഗ് നടത്തിയ കെ.എസ്.ഇ.ബി നേരിട്ടത് വേറിട്ടൊരു പ്രതിഷേധം. അത്തരമൊരു കാഴ്ചയാണ് എറണാകുളം ജില്ലയിലെ കാഞ്ഞൂരില്‍ കണ്ടത്.
പവര്‍കട്ട് മൂലം പോര്‍ച്ചുഗലും കോംഗോയും തമ്മിലുള്ള ലോകകപ്പ് മത്സരം കാണാന്‍ കഴിഞ്ഞില്ല. വൈദ്യുതി മുടങ്ങിയതോടെ ഒരു കൂട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകര്‍ കെഎസ്ഇബി ഓഫീസില്‍ ഒത്തുകൂടുകയും മൊബൈല്‍ ഫോണില്‍ കളി കാണുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ തങ്ങളോടൊപ്പം ഇരുന്ന് കളി കാണാന്‍ യുവാക്കള്‍ ക്ഷണിക്കുന്നതും വിഡിയോയില്‍ കാണാം.
'വീട്ടിലിരുന്നു ആളുകള്‍ ടിവിയില്‍ ഫുട്‌ബോള്‍ കാണുമ്പോള്‍ നിങ്ങള്‍ എന്തിനാണ് കറന്റ് കട്ട് ചെയ്യുന്നത്? എല്ലാവരും ലോകകപ്പ് കാണുന്ന സമയത്ത് ലോഡ് ഷെഡ്ഡിംഗ് നടത്തേണ്ട കാര്യമെന്താണ്? ഇതാണ് ഞങ്ങളുടെ പ്രതിഷേധം. നാളെയും കറന്റ് പോയാല്‍ ഞങ്ങള്‍ ഇവിടെ വന്നിരുന്ന് കളി കാണും. കറന്റ് പോകുന്ന എല്ലാ ദിവസവും ഞങ്ങള്‍ ഇതുതന്നെ ചെയ്യും. നമുക്കെല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് കളി കാണാം,' അവര്‍ പറഞ്ഞു.
ഓഫീസില്‍ പ്രതിഷേധം ഉണ്ടായതായും എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കെ.എസ്.ഇ.ബി ഓഫീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ അത് സംബന്ധിച്ച കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല. രാജ്യത്തുടനീളം വൈദ്യുതി ലഭ്യത കുറഞ്ഞത് കാരണം ജൂണ്‍ 30 വരെ വൈകുന്നേരം 6നും അര്‍ദ്ധരാത്രിക്കും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം.
പവർ കട്ട് ചെയ്താൽ കെ.എസ്.ഇ.ബി ഓഫീസിൽ കയറിയിരിക്കും; ഫുട്ബോൾ ആരാധകർ ലോകകപ്പ് മത്സരം കണ്ടത് പ്രതിഷേധവുമായി
