ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലേക്കുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും നിർണായകമായ സമുദ്രവ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഇപ്പോഴും പൂർണതോതിൽ സാധാരണ നിലയിലായിട്ടില്ല. ആഗോള വ്യാപാരഎണ്ണ വിപണി നിരീക്ഷണ ഏജൻസിയായ കെപ്ലർ പുറത്തുവിട്ട വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള പ്രധാന കപ്പൽപ്പാതകളിലെ ഗതാഗതവും കപ്പലുകളുടെ നീക്കവും ഇപ്പോഴും പരിമിതമായ നിലയിലാണെന്ന് ഏജൻസിയുടെ നിരീക്ഷണത്തിൽ കണ്ടെത്തി. ഇറാൻ തീരത്തോട് ചേർന്നുള്ള പതിവ് റൂട്ടുകളിലൂടെയാണ് നിലവിൽ ഭൂരിഭാഗം കപ്പലുകളും സഞ്ചരിക്കുന്നത്.
മേയ് 10ന് ശേഷം പുതിയ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സുരക്ഷാ ആശങ്കകൾ മാറിയിട്ടില്ലെന്നാണ് വിലയിരുത്തൽ. യുഎസ്-ഇറാൻ സംഘർഷകാലത്ത് രൂപപ്പെട്ട അനിശ്ചിതത്വം ഇപ്പോഴും കപ്പൽ ഉടമകളെയും ഇൻഷുറൻസ് കമ്പനികളെയും ആശങ്കപ്പെടുത്തുന്നുണ്ട്. വ്യാപാരം തുടരുന്നുണ്ടെങ്കിലും ഗതാഗതം പൂർണമായും പഴയ നിലയിലേക്ക് മടങ്ങിയിട്ടില്ല.
മൂന്ന് മാസത്തിലേറെ നീണ്ട സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ഇറാൻ കൈവശം നിലനിർത്തിയിരുന്നു. ലോകത്തെ മൊത്തം ക്രൂഡ് ഓയിൽ വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനം ഈ കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഇതുമൂലം ഏഷ്യൻ രാജ്യങ്ങളുടെ എണ്ണ ഇറക്കുമതിക്കും ആഗോള ഇന്ധനവിലയ്ക്കും വലിയ ആഘാതമുണ്ടായിരുന്നു.
അതേസമയം, യുഎസ്-ഇറാൻ ധാരണാപത്രം നിലവിൽ വന്നതോടെ ഇറാന് സാമ്പത്തികമായി ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇറാനിയൻ തുറമുഖങ്ങളിലെ നിയന്ത്രണങ്ങൾ നീക്കുന്നതിനും സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകുന്നതിനും വിദേശരാജ്യങ്ങളിൽ മരവിപ്പിച്ച ആസ്തികൾ തിരിച്ചുനൽകുന്നതിനുമുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് പകരമായി സമ്പുഷ്ട യുറേനിയം ശേഖരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
എന്നാൽ സുരക്ഷാ സാഹചര്യം പൂർണമായും മെച്ചപ്പെടുകയും കപ്പൽ ഗതാഗതം പഴയ നിലയിലാകുകയും ചെയ്യാൻ ഇനിയും സമയമെടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
യുഎസ്-ഇറാൻ ധാരണയായിട്ടും ഹോർമുസിൽ പ്രതിസന്ധി തുടരുന്നു; കപ്പൽ ഗതാഗതം പൂർണതോതിൽ ആയില്ല
