ടെഹ്‌റാൻ: യുഎസും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം (MoU) സംബന്ധിച്ച് പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവിന്റെ മകൻ മൊജ്തബ ഖമനെയി.
കരാർ യാഥാർഥ്യമാക്കുന്നതിനായി ഇറാൻ ഉദ്യോഗസ്ഥർ വലിയ പരിശ്രമം നടത്തിയെന്നും, അതേസമയം കരാറിലെത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതീവ താൽപര്യവും അത്യാവശ്യവും പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ബുധനാഴ്ചയാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സന്ദേശത്തിലാണ് മൊജ്തബ ഖമനെയിയുടെ പ്രതികരണം.
കരാറിനെക്കുറിച്ച് തനിക്ക് ആദ്യം വ്യത്യസ്ത നിലപാടുണ്ടായിരുന്നുവെന്നും, എന്നാൽ ഇറാന്റെ അവകാശങ്ങളും പ്രതിരോധ മുന്നണിയുടെ താൽപര്യങ്ങളും സംരക്ഷിക്കുമെന്ന പ്രസിഡന്റ് പെസെഷ്‌കിയാന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇറാൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന ഉറപ്പ് ലഭിച്ചതിനാലാണ് ഞാൻ കരാറിന് അനുമതി നൽകിയത്. എന്നാൽ ഭാവിയിൽ നടക്കുന്ന നേരിട്ടുള്ള ചർച്ചകളിൽ ശത്രുരാജ്യത്തിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കില്ല,' അദ്ദേഹം പറഞ്ഞു.
അതേസമയം, അമേരിക്കയുടെ അതിരുകടന്ന ആവശ്യങ്ങൾ ഇറാൻ ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് പെസെഷ്‌കിയാനും വ്യക്തമാക്കിയതായി മൊജ്തബ ഖമനെയി പറഞ്ഞു.
ധാരണാപത്രപ്രകാരം, ഇരു രാജ്യങ്ങളും 60 ദിവസത്തെ ചർച്ചാ കാലയളവിലേക്ക് കടന്നിരിക്കുകയാണ്. സ്ഥിര സമാധാന കരാറിലെത്തുന്നതിനുള്ള വിശദമായ ചർച്ചകൾ ജൂൺ 19 മുതൽ സ്വിറ്റ്‌സർലൻഡിൽ ആരംഭിക്കും. പാകിസ്ഥാനും ഖത്തറും മധ്യസ്ഥരാകും.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കൽ, യുഎസ് ഉപരോധങ്ങൾ പിൻവലിക്കൽ, ഇറാന്റെ സാമ്പത്തിക പുനർനിർമാണത്തിന് 300 ബില്യൺ ഡോളറിന്റെ പദ്ധതി, ആണവ വിഷയങ്ങളിലെ ധാരണ തുടങ്ങിയവയാണ് കരാറിലെ പ്രധാന വ്യവസ്ഥകൾ.
അതേസമയം, ധാരണാപത്രത്തിലെ വ്യവസ്ഥകൾ ഇറാൻ പാലിക്കാത്ത പക്ഷം വീണ്ടും സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന മുന്നറിയിപ്പ് ട്രംപ് ഭരണകൂടം നേരത്തെ നൽകിയിട്ടുണ്ട്.
'കരാറിനായി ട്രംപ് അതീവ താൽപര്യം കാട്ടി'; യുഎസ്-ഇറാൻ ധാരണയെക്കുറിച്ച് മൊജ്തബ ഖമനെയി
