അവസാന നിമിഷത്തെ പെനാൽറ്റിയിൽ രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക; ചെക്ക് റിപ്പബ്ലിക്കുമായി സമനില

അവസാന നിമിഷത്തെ പെനാൽറ്റിയിൽ രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക; ചെക്ക് റിപ്പബ്ലിക്കുമായി സമനില


അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിൽ നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തി ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് എ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ അവസാന നിമിഷങ്ങളിൽ നേടിയ പെനാൽറ്റി ഗോളിന്റെ കരുത്തിൽ ബഫാന ബഫാന 1 -1 സമനില പിടിച്ചു.

മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ മിഖാൽ സദിലെക്കിലൂടെ ചെക്ക് റിപ്പബ്ലിക് ലീഡെടുത്തു. അലക്‌സാണ്ടർ സോയ്കയുടെ പാസിൽ നിന്ന് ലഭിച്ച അവസരം സദിലെക് ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ഭൂരിഭാഗത്തും ചെക്ക് റിപ്പബ്ലിക്കിന്റെ ആധിപത്യമായിരുന്നു.

നോക്കൗട്ട് റൗണ്ടിലെത്താനുള്ള നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്ക ആക്രമണങ്ങളിൽ മികവ് കാട്ടാൻ പാടുപെട്ടു. എന്നാൽ മത്സരം അവസാനിക്കാൻ ഏഴ് മിനിറ്റ് മാത്രം ബാക്കി നിൽക്കെ വഴിത്തിരിവുണ്ടായി. തപേലോ മാസെകോയുടെ ഷോട്ട് ചെക്ക് താരം പാവൽ സുൽക്കിന്റെ കൈയിൽ തട്ടിയതോടെ റഫറി പെനാൽറ്റി അനുവദിച്ചു.

പെനാൽറ്റിയെടുത്ത ടെബോഹോ മൊകോയ്‌ന പിഴവില്ലാതെ ലക്ഷ്യം കണ്ടതോടെ ദക്ഷിണാഫ്രിക്ക സമനില പിടിച്ചു. 16 വർഷത്തിനുശേഷം ലോകകപ്പിൽ ദക്ഷിണാഫ്രിക്ക നേടുന്ന ആദ്യ ഗോളും ഇതായിരുന്നു.

ഗോൾ നേടിയതിന്റെ ആവേശത്തിൽ വിജയഗോളിനായും ദക്ഷിണാഫ്രിക്ക ശ്രമിച്ചെങ്കിലും ചെക്ക് ഗോൾകീപ്പർ മതെയ് കോവാർ മികച്ച സേവിലൂടെ ടീമിനെ രക്ഷിച്ചു.

സമനിലയോടെ ഗ്രൂപ്പ് എയിൽ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതമായി. മെക്‌സിക്കോയും ദക്ഷിണ കൊറിയയും രണ്ട് പോയിന്റ് മുന്നിലാണ്. നോക്കൗട്ട് സാധ്യത നിലനിർത്താൻ ഇരുടീമുകൾക്കും അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ വിജയം അനിവാര്യമായിരിക്കുകയാണ്.