വന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി ക്യൂബ; സ്വകാര്യ മേഖലക്ക് കൂടുതല്‍ സ്വാതന്ത്ര്യം

വന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി ക്യൂബ; സ്വകാര്യ മേഖലക്ക് കൂടുതല്‍ സ്വാതന്ത്ര്യം


ഹവാന: അമേരിക്കന്‍ ഉപരോധവും ഇന്ധന ഉപരോധവും മൂലം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ക്യൂബയില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് പ്രധാനമന്ത്രി മാനുവല്‍ മാരേറോ രൂപം നല്‍കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മുന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടെയും പിന്തുണയോടെയാണ് ദേശീയ അസംബ്ലിയില്‍ പരിഷ്‌കാര നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്.

ദേശീയ അസംബ്ലിയുടെ അംഗീകാരം ലഭിക്കേണ്ട ഈ പദ്ധതികള്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഗണ്യമായി വര്‍ധിപ്പിക്കുന്നതാണ്. സ്വകാര്യ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് അനുമതി നല്‍കുക, സ്വകാര്യ ബാങ്കുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെ ഓഹരി പങ്കാളിത്തമുള്ള വാണിജ്യ സ്ഥാപനങ്ങളാക്കി മാറ്റുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

രണ്ട് മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ബാങ്കിങ്, വേതന വ്യവസ്ഥ, ബിസിനസ് ഉടമസ്ഥാവകാശം, വിദേശ നിക്ഷേപം, കാര്‍ഷിക മേഖല എന്നിവ ഉള്‍പ്പെടെ 176 പരിഷ്‌കാരങ്ങളാണ് മാരേറോ അവതരിപ്പിച്ചത്.

സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലെത്തിയ സാഹചര്യത്തില്‍ അടിയന്തര മാറ്റങ്ങള്‍ അനിവാര്യമാണെന്ന് പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ്- കനേല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയുള്ള പുതിയ പദ്ധതിയില്‍ സ്വകാര്യ സംരംഭങ്ങളുടെ പങ്ക് ഗണ്യമായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.

ആദ്യമായി 100-ല്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. ഒരു വ്യക്തിക്ക് ഒന്നിലധികം സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം വഹിക്കാനും സ്വകാര്യ കമ്പനികളില്‍ വിദേശ നിക്ഷേപം സ്വീകരിക്കാനും അനുമതി ലഭിക്കും.

ടൂറിസം, കാര്‍ഷിക മേഖല, കറന്‍സി വിപണി എന്നിവ ആഭ്യന്തര- വിദേശ സ്വകാര്യ നിക്ഷേപകര്‍ക്ക് തുറന്നുകൊടുക്കുമെന്നും മാരേറോ അറിയിച്ചു. എന്നാല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനുള്ള സമയക്രമം അദ്ദേഹം വ്യക്തമാക്കിയില്ല. ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ വൈകിക്കരുതെന്ന് ഡിയാസ്- കനേല്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

ക്യൂബയുടെ സാമ്പത്തിക പ്രതിസന്ധിക്ക് അമേരിക്കയുടെ ദീര്‍ഘകാല വ്യാപാര ഉപരോധവും സമീപകാല നിയന്ത്രണങ്ങളുമാണ് പ്രധാന കാരണമെന്ന് ക്യൂബന്‍ ഭരണകൂടം ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും രാജ്യത്തിനകത്തുള്ള പ്രശ്‌നങ്ങളും പ്രതിസന്ധിക്ക് കാരണമാണെന്ന് ഡിയാസ്- കനേല്‍ സമ്മതിച്ചു.

ജനുവരിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധം ക്യൂബയുടെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 30 മണിക്കൂറിലേറെ നീളുന്ന വൈദ്യുതി മുടക്കവും ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, കുടിവെള്ളം, മരുന്നുകള്‍ എന്നിവയുടെ രൂക്ഷമായ ക്ഷാമവും രാജ്യത്തെ ബാധിച്ചിരിക്കുകയാണ്.

ലണ്ടന്‍ ആസ്ഥാനമായുള്ള സാമ്പത്തിക വിദഗ്ധന്‍ ഡാനിയല്‍ ടോറാല്‍ബസിന്റെ വിലയിരുത്തലില്‍, 1959-ലെ ഫിഡല്‍ കാസ്‌ട്രോയുടെ വിപ്ലവത്തിനുശേഷം ക്യൂബയില്‍ നടപ്പാക്കുന്ന ഏറ്റവും ആഴത്തിലുള്ള സാമ്പത്തിക പരിഷ്‌കാര പദ്ധതിയാണിത്. രാജ്യത്തിന്റെ സാമ്പത്തിക വികസന മാതൃകയില്‍ നിര്‍ണായകമായ മാറ്റത്തിന് ഇത് വഴിതെളിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.