ഇറാനുമായുള്ള കരാറില്‍ ഇസ്രായേല്‍ മന്ത്രിമാര്‍ യാഥാര്‍ഥ്യം മനസ്സിലാക്കണമെന്ന് ജെ ഡി വാന്‍സ്

ഇറാനുമായുള്ള കരാറില്‍ ഇസ്രായേല്‍ മന്ത്രിമാര്‍ യാഥാര്‍ഥ്യം മനസ്സിലാക്കണമെന്ന് ജെ ഡി വാന്‍സ്


വാഷിങ്ടണ്‍: ഇറാനുമായുള്ള കരാറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ ഇസ്രായേല്‍ നേതാക്കള്‍ യാഥാര്‍ഥ്യം തിരിച്ചറിയണമെന്നും ഇസ്രായേലിന്റെ ഏക ശക്തനായ സഖ്യകക്ഷിയായ അമേരിക്കയെ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് ഒഴിവാക്കണമെന്നും യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മന്ത്രിസഭയിലെ ചില അംഗങ്ങള്‍ കരാറിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് ബ്രീഫിംഗില്‍ വാന്‍സ് പരസ്യമായി പ്രതികരിച്ചത്.

ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ തലവനായ ഡൊണാള്‍ഡ് ട്രംപാണ് നിലവില്‍ ഇസ്രായേലിനോട് സഹാനുഭൂതി പുലര്‍ത്തുന്ന ഏക രാഷ്ട്രത്തലവനെന്നും ഇത്തരമൊരു സാഹചര്യത്തില്‍ സ്വന്തം സഖ്യകക്ഷിക്കെതിരെ ആക്രമണ നിലപാട് സ്വീകരിക്കുന്നത് ഉചിതമല്ലെന്നും വാന്‍സ് പറഞ്ഞു.

താന്‍ ഇസ്രായേല്‍ മന്ത്രിസഭയിലെ അംഗമായിരുന്നുവെങ്കില്‍ ലോകത്ത് അവശേഷിക്കുന്ന ഏക ശക്തനായ സഖ്യകക്ഷിയെ ആക്രമിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാറിനെതിരെ വിമര്‍ശനം തുടരുന്ന ഇസ്രായേല്‍ മന്ത്രിമാരെ ലക്ഷ്യമിട്ട് വാന്‍സ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. പ്രധാനമന്ത്രി നെതന്യാഹു വ്യക്തിപരമായി കരാറിനെ വിമര്‍ശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അമേരിക്കയുടെ സൈനിക സഹായമാണ് ഇസ്രായേലിന്റെ പ്രതിരോധത്തിന് നിര്‍ണായകമായതെന്നും ഓര്‍മിപ്പിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇസ്രായേലിനെ സംരക്ഷിച്ച പ്രതിരോധ ആയുധങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും അമേരിക്കയില്‍ നിര്‍മ്മിച്ചതും അമേരിക്കന്‍ നികുതിദായകരുടെ പണത്തില്‍ നിന്നുമാണ് ലഭിച്ചതെന്നും വാന്‍സ് പറഞ്ഞു.

ഇസ്രായേലിന്റെ പ്രധാന പ്രശ്‌നം ട്രംപല്ലെന്നും അമേരിക്കന്‍ പ്രസിഡന്റാണ് തങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നമെന്ന് കരുതുന്നവര്‍ നിലവിലെ യാഥാര്‍ഥ്യം തിരിച്ചറിയേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസ് അഭിമുഖത്തില്‍ ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വിറിനെയും ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിനെയും പേരെടുത്ത് പരാമര്‍ശിച്ച വാന്‍സ് ഒമ്പത് ദശലക്ഷം ജനസംഖ്യയുള്ള ഒരു രാജ്യത്തിന് എല്ലാ ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കൊലപാതകവും സൈനിക നടപടികളും മാത്രം പരിഹാരമാകില്ലെന്നും അഭിപ്രായപ്പെട്ടു.

ഇറാന്‍ കരാറിനെയും മേഖലയിലെ വെടിനിര്‍ത്തല്‍ ശ്രമങ്ങളെയും ചൊല്ലി വാഷിങ്ടണും ഇസ്രായേല്‍ സര്‍ക്കാരിലെ ചില അംഗങ്ങളും തമ്മില്‍ അഭിപ്രായഭിന്നത ശക്തമാകുന്ന പശ്ചാത്തലത്തിലാണ് വാന്‍സിന്റെ പരാമര്‍ശങ്ങള്‍.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ലെബനനില്‍ ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുന്നതിനെതിരെ പ്രസിഡന്റ് ട്രംപ് പലതവണ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റും ഇറാന്‍ പ്രസിഡന്റും തമ്മില്‍ ഒപ്പുവെച്ച 14 ഇന ധാരണാപത്രത്തെ തുടര്‍ന്നുണ്ടായ സമാധാന പ്രക്രിയയെ ഇത്തരം ആക്രമണങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിരുന്നു.