കേരളത്തിൻ്റെ തീരദേശവും ജലസ്രോതസ്സുകളും ഉപയോഗപ്പെടുത്തുന്ന പദ്ധതികളുമായി വി ഡി സതീശൻ്റെ കന്നി ബജറ്റ്

കേരളത്തിൻ്റെ തീരദേശവും ജലസ്രോതസ്സുകളും ഉപയോഗപ്പെടുത്തുന്ന പദ്ധതികളുമായി വി ഡി സതീശൻ്റെ കന്നി ബജറ്റ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ള അഞ്ച് വര്‍ഷം നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ദിശാസൂചികയാണ് യു ഡി എഫ് സര്‍ക്കാറിന്റെ കന്നി ബജറ്റെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വ്യക്തമായ ജനവിധിയോടെ അധികാരത്തിലെത്തിയ സര്‍ക്കാര്‍ പുതുയുഗ കേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സാമൂഹിക വികസന സൂചികകള്‍ സ്തംഭനാവസ്ഥയിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വയോജനങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം വിശദമാക്കി. 

ധവളപത്രത്തിലെ കണക്കുകള്‍ ഉദ്ധരിച്ച് നടത്തിയ പ്രസംഗത്തില്‍ സംസ്ഥാനം നേരിടുന്നത് വലിയ സാമ്പത്തിക വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി. കേന്ദ്രവിഹിതത്തിലെ കുറവ്, കിഫിബിയുടെ ഘടനാ പരിഷ്‌ക്കരണം, കിഫ്ബി പഠിക്കാന്‍ പ്രത്യേക വിദഗ്ധ സമിതി തുടങ്ങിയവ അദ്ദേഹം വിശദമാക്കി. 

കേരളത്തിന്റെ 600 കിലോമീറ്റര്‍ തീരദേശവും ജലസ്രോതസ്സുകളും സംയോജിപ്പിച്ച് മാരിടൈം ഭൂപടത്തില്‍ സമുദ്ര ശക്തിയാക്കി മാറ്റും.കേരള മാരിടൈം പോളിസി രൂപീകരിക്കും. രാമപുരം- വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പാത വേഗത്തില്‍ നടപ്പാക്കും. 

മദര്‍ഷിപ്പ് നിര്‍മാണം ലക്ഷ്യമാക്കി കപ്പല്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കും. മിഷന്‍ സമുദ്ര പദ്ധതിക്ക് 400 കോടി രൂപയാണ് ബജറ്റിലുള്ളത്. രാജ്യാന്തര മാരിടൈം മ്യൂസിയം സ്ഥാപിക്കും. ഇതിനായി 50 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ സതേണ്‍ കേരള കോറിഡോറും സ്ഥാപിക്കും. 


മിഷന്‍ സമുദ്ര പദ്ധതിയിലൂടെ കേരളത്തിന്റെ തീരദേശം, തുറമുഖങ്ങള്‍, മറ്റു ജലസ്രോതസുകള്‍ എന്നിവയെ കൂട്ടിയിണക്കി കേരളത്തെ മാരിടൈം സമ്പദ് വ്യവസ്ഥയാക്കാനാണ് ലക്ഷ്യമിടുന്നത്. 

മിഷന്‍ സമുദ്ര പദ്ധതിയുടെ ഭാഗമയി വിഴിഞ്ഞം തുറമുഖത്തെ ഗ്രീന്‍ ബങ്കറിങ് തുറമുഖമാക്കി മാറ്റും. കൂടാതെ അഴീക്കല്‍, ബേപ്പൂര്‍ എന്നീ തുറമുഖങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും. മദര്‍ഷിപ്പ് നിര്‍മിക്കാന്‍ ശേഷിയുള്ള കപ്പല്‍ നിര്‍മാണ കേന്ദ്രവും സ്ഥാപിക്കുമെന്നും വി ഡി സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

കേരളത്തെ ഏവിയേഷന്‍ ലോജിസ്റ്റിക് ഹബ്ബാക്കാന്‍ 200 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. ഇതോടൊപ്പം സ്‌പേസ് പാര്‍ക്കിനായി അഞ്ചു കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.

വിദേശത്തേക്ക് ജോലിക്കായി യുവാക്കള്‍ പോവുന്നത് ഒഴിവാക്കാനും അവരെ സംസ്ഥാനത്തിനകത്ത് തന്നെ നിലനിര്‍ത്താനും ശ്രമിക്കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

കന്നി ബജറ്റിലെ പ്രധാന ഭാഗങ്ങള്‍ മുഖ്യമന്ത്രി തന്നെയാണ് എഴുതിയതെന്നാണ് വിവരം. ബജറ്റ് അവതരണത്തിന് മുമ്പ് എം എല്‍ എമാര്‍ക്കും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രി ഹസ്തദാനം ചെയ്തു.