തിരുവന്തപുരം: സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ വീണ ടിയുടെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. വീണയെ വിളിച്ചുവരുത്തിയായിരുന്നു തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി ബാങ്ക് ലോക്കർ തുറന്നത്. എന്നാൽ മാസപ്പടി ഇടപാടിലെ രേഖകൾ ലോക്കറിൽ നിന്ന് ലഭ്യമായില്ലെന്നാണ് സൂചന. മൂന്ന് മണിക്കൂർ നേരം പരിശോധന നടത്തി. അതേസമയം, കോടതി കൈമാറാൻ നിർദ്ദേശിച്ച 134 രേഖകൾ ഇതുവരെ എസ്.എഫ്.ഐ.ഒ ഇഡിയ്ക്ക് കൈമാറിയില്ല.
കരിമണൽ കമ്പനിയുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന. ഇഡിയ്ക്ക് മുന്നിൽ കഴിഞ്ഞ ദിവസം വീണ ഹാജരാക്കിയ വിവരങ്ങളിൽ എച്ച്.ഡി.എഫ്.സി ബാങ്ക് ലോക്കറിന്‍റെ വിവരങ്ങളുമുണ്ടായിരുന്നു. തിരുവന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിലെ ബാങ്കിലേക്ക് രാവിലെ വീണയെ വിളിച്ചുവരുത്തിയാണ് ഉദ്യോഗസ്ഥർ ലോക്കർ തുറന്നത്. വീണ ഏതെങ്കിലും വിവരങ്ങൾ രഹസ്യമായി ലോക്കറിലേക്ക് മാറ്റിയിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്.
ലോക്കറിലുണ്ടായിരുന്ന സ്വർണമടക്കമുള്ള മറ്റ് വിവരങ്ങൾ ഇഡി രേഖപ്പെടുത്തി. എച്ച്.ഡി.എഫ്.സി ബാങ്കിന് പുറമെ തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിൽ വീണയുടെയും കമ്പനിയുടെയും പേരിൽ മറ്റ് രണ്ട് അക്കൗണ്ടുകളുമുണ്ട്. എന്നാൽ ഇവിടെ ലോക്കർ എടുത്തിട്ടില്ല. മൂന്ന് അക്കൗണ്ടുകളും നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു. പരിശോധനയുടെ വിവരങ്ങൾക്കൊപ്പം എസ്.എഫ്.ഐ.ഒ രേഖകൾകൂടി ലഭ്യമായാൽ വീണയെ വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.
മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കറുകൾ ഇഡി പരിശോധിച്ചത് മൂന്ന് മണിക്കൂർ
