വാഷിങ്ടൺ: അമേരിക്ക-ഇറാൻ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് അമേരിക്കയുടെ നിരാശ മൂലമാണെന്ന ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ പരാമർശം തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിനായി നിരാശപ്പെട്ടത് അമേരിക്കയല്ല, ഇറാനാണെന്നും യുദ്ധത്തെ തുടർന്ന് ഇറാൻ തകർന്ന അവസ്ഥയിലാണെന്നും ട്രംപ് പറഞ്ഞു.
'ഞങ്ങൾ നിരാശ മൂലം ചർച്ച നടത്തിയതല്ല. ഇറാനാണ് അത്തരമൊരു സാഹചര്യത്തിലുണ്ടായിരുന്നത്. അവർ ഇപ്പോൾ തീർന്നിരിക്കുകയാണ്,' എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിൽ നിശ്ചയിച്ചിരിക്കുന്ന 60 ദിവസത്തെ ചർച്ചാ കാലയളവ് തുടരുമെന്നും എന്നാൽ ഇറാന് സാമ്പത്തിക സഹായമായി ഒരു ചില്ലിക്കാശുപോലും നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം ഇറാന്റെ സൈനിക ശേഷിയെ ഗണ്യമായി ദുർബലമാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന് ഇപ്പോൾ കാര്യമായ വ്യോമസേനയോ നാവികസേനയോ വ്യോമപ്രതിരോധ സംവിധാനങ്ങളോ റഡാർ ശൃംഖലയോ ഇല്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സമ്മർദ നയമാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ ഏതാനും മാസം മുമ്പത്തേതിനേക്കാൾ ശക്തമായ നിലയിലാണെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ഉന്നയിക്കുന്ന വിമർശനങ്ങളെയും ട്രംപ് പരിഹസിച്ചു. യുദ്ധാനന്തരം ഇറാൻ ദുർബലമായിരിക്കെ അത്തരമൊരു വാദം ഉന്നയിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് ചോദിച്ച അദ്ദേഹം പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
അതേസമയം, ഇറാനുമായി ദീർഘകാല സമാധാന കരാറിലെത്താനുള്ള ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രതികരണം. സമ്മർദ നയം ഫലപ്രദമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. എന്നാൽ ഈ സമീപനം സ്ഥിരമായ പരിഹാരത്തിലേക്ക് നയിക്കുമോയെന്ന കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുകയാണ്.
'അമേരിക്ക കരാറിൽ ഒപ്പുവെച്ചത് നിരാശ കൊണ്ടല്ല'; ഇറാന് ചില്ലിക്കാശുപോലും നൽകില്ലെന്ന് ട്രംപ്
