അങ്കമാലി-അരൂർ കൊച്ചി ബൈപ്പാസിന് കേന്ദ്രാനുമതി; 50 കിലോമീറ്റർ ദൈർഘ്യത്തിൽ എട്ടുവരി പാത

അങ്കമാലി-അരൂർ കൊച്ചി ബൈപ്പാസിന് കേന്ദ്രാനുമതി; 50 കിലോമീറ്റർ ദൈർഘ്യത്തിൽ എട്ടുവരി പാത


കൊച്ചി: സംസ്ഥാനത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന അങ്കമാലി-അരൂർ -കൊച്ചി ബൈപ്പാസ് പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായ 3എ വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതായി ബെന്നി ബെഹനാൻ എംപി അറിയിച്ചു. പുനർവിജ്ഞാപന നടപടികളും വേഗത്തിൽ ആരംഭിക്കുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ അങ്കമാലി മുതൽ കുണ്ടന്നൂർ വരെ നിർമിക്കാൻ ആലോചിച്ചിരുന്ന ബൈപ്പാസ് പദ്ധതി പുതുക്കി രൂപകൽപ്പന ചെയ്തതോടെയാണ് അരൂർ വരെ നീട്ടാൻ തീരുമാനമായത്. അങ്കമാലിയിൽ നിന്ന് ആരംഭിച്ച് അരൂരിൽ അവസാനിക്കുന്ന പുതിയ ബൈപ്പാസ് 50 കിലോമീറ്റർ ദൂരത്തിൽ 70 മീറ്റർ വീതിയിലായിരിക്കും നിർമ്മിക്കുക. ആദ്യഘട്ടത്തിൽ എട്ടുവരി പാതയായി നിർമ്മിക്കുന്ന റോഡ് ഭാവിയിൽ പത്തുവരി പാതയായി വികസിപ്പിക്കാനാകുന്ന രീതിയിലാണ് രൂപകൽപ്പന.

സ്ഥലം ഏറ്റെടുക്കൽ നടപടികളിലെ കാലതാമസം മൂലം മുൻപ് പദ്ധതി നിലച്ചിരുന്നു. ഇതിനിടെ പഴയ ട്രാഫിക് സർവേ റിപ്പോർട്ട് കാലഹരണപ്പെട്ടതോടെ പുതിയ സർവേ നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ രൂപരേഖ പുതുക്കുകയും ചെയ്തു. അഞ്ച് വർഷം മുൻപ് തയ്യാറാക്കിയ സർവേ പ്രകാരം ആറുവരി പാതയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ നിലവിലെ ഗതാഗത ആവശ്യകത കണക്കിലെടുത്താണ് എട്ടുവരി പാത നിർമിക്കാൻ തീരുമാനിച്ചത്.

കൊച്ചി നഗരത്തെയും പരിസര പ്രദേശങ്ങളെയും ബാധിക്കുന്ന രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങൾക്ക് ദീർഘകാല പരിഹാരമാകുന്ന പദ്ധതിയാണിതെന്ന് ബെന്നി ബെഹനാൻ എംപി പറഞ്ഞു. പദ്ധതിക്ക് പുനരനുമതി നൽകണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രിയോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും പാർലമെന്റിലും വിഷയം പലതവണ ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രാനുമതി ലഭിച്ചതോടെ പദ്ധതിയുടെ യാഥാർഥ്യവത്കരണത്തിനുള്ള നടപടികൾക്ക് പുതിയ വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.