ലണ്ടന് സമീപം രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

ലണ്ടന് സമീപം രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്


ലണ്ടൻ: ബ്രിട്ടനിലെ ലണ്ടന് സമീപം രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ലണ്ടനിൽ നിന്ന് ഏകദേശം 60 മൈൽ വടക്കായി ബെഡ്‌ഫോർഡ് മേഖലയിലാണ് അപകടമുണ്ടായതെന്ന് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് അറിയിച്ചു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി അടിയന്തര സേവന വിഭാഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസ് നിരവധി മെഡിക്കൽ സംഘങ്ങളെയും വാഹനങ്ങളെയും അപകടസ്ഥലത്തേക്ക് വിന്യസിച്ചതായി അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് പൊതുജനങ്ങളോട് പ്രദേശം ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു.

'ബെഡ്‌ഫോർഡ് മേഖലയിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച സംഭവത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടും,' എന്ന് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ ബ്രിട്ടന്റെ ഗതാഗത മന്ത്രി ഹൈഡി അലക്‌സാണ്ടർ, അപകടത്തിൽപ്പെട്ടവർക്കായി രക്ഷാപ്രവർത്തനം നടത്തുന്ന അടിയന്തര സേവന വിഭാഗങ്ങൾക്ക് നന്ദി അറിയിച്ചു. യാത്രക്കാരെ സഹായിക്കുന്നതിനായി റെയിൽവേ അധികൃതരുമായും പ്രാദേശിക ഭരണകൂടങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും അവർ എക്‌സ് പ്ലാറ്റഫോമിൽ കുറിച്ചു.

അപകടത്തെ തുടർന്ന് ലണ്ടനിലേക്കും ലണ്ടനിൽ നിന്നുമുള്ള ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേ സർവീസുകൾ ദിവസാവസാനം വരെ റദ്ദാക്കി. അതേസമയം, ലൂട്ടണിനും ബെഡ്‌ഫോർഡിനും ഇടയിലുള്ള എല്ലാ റെയിൽപാതകളും താൽക്കാലികമായി അടച്ചതായി തേംസ്‌ലിങ്ക് അധികൃതർ അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.