ന്യൂഡൽഹി: കള്ളപ്പണ ഇടപാടുകളും ഭീകര ധനസഹായവും തടയുന്നതിനുള്ള ആഗോള നിരീക്ഷണ സംവിധാനമായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിൽ (FATF) ഇന്ത്യയ്ക്ക് സുപ്രധാന നേട്ടം. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ വിവേക് അഗർവാളിനെ FATFയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇത് ആഗോള ഭീകര ധനസഹായ ശൃംഖലകൾക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ സ്വാധീനം കൂടുതൽ ശക്തമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
FATFയിൽ ഇന്ത്യയുടെ പ്രതിനിധി സംഘത്തിന്റെ മുൻ മേധാവിയും ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (FIU-IND) മുൻ ഡയറക്ടറുമായ വിവേക് അഗർവാളിന്റെ അനുഭവസമ്പത്ത് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഭീകരവാദത്തിനെതിരായ 'പൂജ്യം സഹിഷ്ണുത' നയത്തിന് ലഭിച്ച അംഗീകാരമായും ഈ തിരഞ്ഞെടുപ്പിനെ ഇന്ത്യ വിലയിരുത്തുന്നു.
1989ൽ പാരീസിൽ നടന്ന ജി7 ഉച്ചകോടിയിലാണ് FATF രൂപംകൊണ്ടത്. മയക്കുമരുന്ന് കടത്തും അതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളും തടയുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്. ഇന്ന് കള്ളപ്പണം വെളുപ്പിക്കൽ, ഭീകര ധനസഹായം, നാശായുധ വ്യാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ എന്നിവ നിരീക്ഷിക്കുന്ന ലോകത്തിലെ പ്രധാന സ്ഥാപനമാണ് FATF.
ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, ചൈന അടക്കം 38 രാജ്യങ്ങളും യൂറോപ്യൻ കമ്മീഷനും ഗൾഫ് കോഓപ്പറേഷൻ കൗൺസിലും ഉൾപ്പെടെ 40 അംഗങ്ങളാണ് FATFയ്ക്കുള്ളത്. സംഘടനയുടെ നിർദേശങ്ങൾ ലോകത്തെ 200ലേറെ രാജ്യങ്ങൾ പിന്തുടരുന്നുണ്ട്.
നിയമസാമ്പത്തിക സംവിധാനങ്ങളിലെ വീഴ്ചകൾ വിലയിരുത്തി രാജ്യങ്ങളെ ഗ്രേ ലിസ്റ്റിലും ബ്ലാക്ക് ലിസ്റ്റിലും ഉൾപ്പെടുത്തുന്നതാണ് FATFയുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന്. ഭീകര ധനസഹായം തടയുന്നതിലെ വീഴ്ചകളെ തുടർന്ന് പാകിസ്ഥാൻ 2008ലും 201215 കാലഘട്ടത്തിലും 2018 മുതൽ 2022 വരെ മൂന്നുതവണ FATFയുടെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. FATFയിലെ ഇന്ത്യയുടെ പുതിയ നേതൃത്വം ഇത്തരം ആഗോള സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ പങ്ക് കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.
ആഗോള കള്ളപ്പണ-ഭീകര ധനസഹായ നിരീക്ഷണ ഏജൻസിയിൽ ഇന്ത്യയ്ക്ക് നിർണായക സ്ഥാനം; FATF വൈസ് പ്രസിഡന്റായി വിവേക് അഗർവാൾ
