സിയാറ്റിൽ: ഫിഫ ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ അമേരിക്കൻ ടീം ശക്തമായ മുന്നേറ്റം നടത്തി. ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുഎസ്എ മുന്നിലാണ്. ഓസ്‌ട്രേലിയയുടെ സെൽഫ് ഗോളും അലക്‌സ് ഫ്രീമാന്റെ ഹെഡറുമാണ് യുഎസിന് ആശ്വാസകരമായ ലീഡ് സമ്മാനിച്ചത്.
പത്താം മിനിറ്റിലാണ് യുഎസ്എയുടെ ആദ്യ ഗോൾ പിറന്നത്. ഇടതു വിങ്ങിലൂടെ മുന്നേറിയ ഫൊലാരിൻ ബലൂഗൺ നടത്തിയ അപകടകരമായ നീക്കത്തിനൊടുവിൽ ബോക്‌സലേക്ക് നൽകിയ പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ഓസ്‌ട്രേലിയൻ താരം കാമറൂൺ ബോർജസ് അബദ്ധത്തിൽ സ്വന്തം വലയിലാക്കി. ഇതോടെ യുഎസ് മുന്നിലെത്തി.
43ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് രണ്ടാം ഗോൾ. അന്റോണയോ റോബിൻസൺ നൽകിയ പന്ത് സെർജനോ ഡെസ്റ്റ് ബോക്‌സിനകത്തേക്ക് ഉയർത്തിയപ്പോൾ, പോസ്റ്റിന് മുന്നിലുണ്ടായിരുന്ന അലക്‌സ് ഫ്രീമാൻ ഹെഡറിലൂടെ വലയിലാക്കി. ആദ്യം ഓഫ്‌സൈഡ് വിളിച്ചെങ്കിലും വാർ പരശോധനയ്ക്ക് ശേഷം ഗോൾ അനുവദിച്ചു.
മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണങ്ങളിലും യുഎസ്എ വ്യക്തമായ ആധിപത്യം പുലർത്തി. കൃത്യമായ പാസുകളും വേഗമേറിയ മുന്നേറ്റങ്ങളും ഓസ്‌ട്രേലിയൻ പ്രതരോധത്തിന് വലിയ വെല്ലുവിളിയായി. 61 ശതമാനം പന്തടക്കത്തോടെ കളി നിയന്ത്രിച്ച യുഎസ് ഒമ്പത് തവണ ഗോളലേക്ക് ശ്രമിച്ചപ്പോൾ, ഓസ്‌ട്രേലിയയ്ക്ക് രണ്ട് ഷോട്ടുകൾ മാത്രമാണ് ലക്ഷ്യത്തലേക്ക് എത്തിക്കാനായത്.
പ്രതിരോധ തന്ത്രവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ കൂടുതൽ ഗോളുകൾ വഴങ്ങാതിരുന്നത് അവരുടെ ഡിഫൻഡർമാരുടെ മികച്ച പ്രകടനത്തിന്റെ കരുത്തിലായിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകളും ചേർന്ന് എട്ട് ഫൗളുകൾ വഴങ്ങി. ഓസ്‌ട്രേലിയയുടെ അലസാണ്ട്രോ സിർക്കാറ്റിക്കും ജോർദൻ ബോസിനും മഞ്ഞക്കാർഡ് ലഭിച്ചു. ഇതിനിടെ പോൾ ഒകോൺഎംഗ്ലറും അലക്‌സ് ഫ്രീമാനും തമ്മിലുണ്ടായ കൂട്ടിയിടിയിൽ ഇരുവരും പരുക്കേറ്റ് ചികിത്സ തേടി.
ഓസ്‌ട്രേലിയയെ വിറപ്പിച്ച് യുഎസ്; ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡ്
