കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയ അപേക്ഷ മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരി പിന്‍വലിച്ചു. വിദേശത്തേക്ക് ജോലിക്ക് പോകാന്‍ അനുമതി തേടിയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അറിയിച്ചതോടെ തച്ചങ്കരിയെ രൂക്ഷഭാഷയില്‍ ഹൈക്കോടതി വിമര്‍ശിച്ചു.
ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ പിന്‍വലിച്ചാലും തച്ചങ്കരിയുടെ അസുഖത്തെ കുറിച്ച് അറിയാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാകണമെന്നും തച്ചങ്കരിയോട് കോടതി നിര്‍ദേശിച്ചു. ശ്വാസം മുട്ടലാണെന്ന് പറഞ്ഞ തച്ചങ്കരിയോട്, ശ്വാസം മുട്ടലുള്ള ആള്‍ വിദേശത്ത് പോയിട്ട് എന്തു ചെയ്യാനാണെന്ന് കോടതി ചോദിച്ചു.
തച്ചങ്കരി ജയില്‍ ഡിജിപി ആയിരുന്ന കാലത്ത് മാത്രമാണ് ജയില്‍ കണ്ടിട്ടുള്ളത്, കേസില്‍ അറസ്റ്റിലായി ജയിലില്‍ എത്തിയെങ്കിലും ആശുപത്രിയിലേക്ക് പോയെന്നും കോടതി പറഞ്ഞു. തച്ചങ്കരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. എന്താണ് അസുഖം എന്ന ചോദ്യത്തിന് ശ്വാസംമുട്ടല്‍ എന്നാണ് തച്ചങ്കരിയുടെ അഭിഭാഷകന്‍ മറുപടി നല്‍കിയത്. ഇതോടെ ശ്വാസംമുട്ടല്‍ ഉള്ളയാള്‍ ദുബായില്‍ പോയിട്ട് എന്ത് ചെയ്യാനാണെന്നും കോടതി ചോദിച്ചു.
ജാമ്യാപേക്ഷയിലും ജാമ്യത്തില്‍ ഇളവ് തേടിയുള്ള അപേക്ഷകളിലും തച്ചങ്കരിയുടെ വാദങ്ങളില്‍ വൈരുധ്യങ്ങളുണ്ട്. തച്ചങ്കരിക്ക് വലിയ അസുഖമുണ്ടെന്ന് പറയുന്നു. എന്താണ് അസുഖമെന്ന് കോടതി ചോദിച്ചു. ശിക്ഷിക്കപ്പെട്ട ശേഷം തച്ചങ്കരി ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ല. ജയിലിലെ സെല്‍ കണ്ടോയെന്ന് കോടതി ചോദിച്ചു. തച്ചങ്കരി ജയില്‍ കണ്ടത് ഡിജിപി ആയിരുന്നപ്പോഴാണെന്നും കോടതി പരിഹസിച്ചു. കോടതി വിമര്‍ശനത്തെത്തുടര്‍ന്ന് വിദേശത്ത് പോകാനായി ജാമ്യ ഇളവ് തേടിയുള്ള അപേക്ഷ പിന്‍വലിക്കുകയാണെന്ന് തച്ചങ്കരി ഹൈക്കോടതിയെ അറിയിച്ചു.
തനിക്ക് ശ്വാസ തടസ്സം ഉണ്ടെന്നും, ഇതിന് പ്രത്യേക മെഷീന്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന് പ്ലഗ് പോയിന്റ് വേണം. അതിനാലാണ് ആശുപത്രിയില്‍ കഴിഞ്ഞതെന്ന് ടോമിന്‍ തച്ചങ്കരി കോടതിയെ അറിയിച്ചു. ഇത്രയധികം ബുദ്ധിമുട്ടുള്ള ആളാണോ വിമാനത്തില്‍ കയറി വിദേശത്ത് ജോലിക്കു പോകുന്നതെന്ന് കോടതി ചോദിച്ചു. അസുഖമുണ്ടെന്ന് പറഞ്ഞാണ് തച്ചങ്കരി ജാമ്യം നേടിയത്. കളവായ കാര്യം പറഞ്ഞാണ് ജാമ്യം നേടിയതെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അപേക്ഷ പിന്‍വലിച്ചാലും തച്ചങ്കരിയുടെ അസുഖം കണ്ടെത്താന്‍ സ്വമേധയാ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് കോടതി വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട ജയിലിലെത്തിയതു മുതല്‍ ജാമ്യത്തിലിറങ്ങുന്നതു വരെ തച്ചങ്കരി ജയില്‍ ആശുപത്രിയിലായിരുന്നു. ഇതില്‍ ഉദ്യോഗസ്ഥരുമായി എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കും. ഇത്രയധികം അസുഖമുള്ള ആള്‍ എങ്ങനെ വിദേശത്തേക്ക് പോകുമെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ജി വിധി പറയാനായി മാറ്റി. അതേസമയം, കഴിഞ്ഞ രണ്ടുതവണ കേസ് പരിഗണിച്ചപ്പോഴും കോടതി തച്ചങ്കരിയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ടോമിന്‍ തച്ചങ്കരിയെ നാലു വര്‍ഷം തടവിനാണ് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. ഇതിനുശേഷം ഒരുമാസത്തിന് ശേഷമാണ് തച്ചങ്കരിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവില്‍ ഇന്ത്യയ്ക്ക് പുറത്ത് പോകരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതില്‍ ഇളവ് തേടിയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. ദുബായില്‍ ജോലിയുണ്ടെന്നും, പോയില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും അതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നുമാണ് തച്ചങ്കരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
അസുഖം പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്; തച്ചങ്കരിയെ കുരുക്കി ഹൈക്കോടതി, രൂക്ഷ വിമര്‍ശനം
