ബ്രൂക്ലിനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു; രണ്ടുപേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

ബ്രൂക്ലിനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു; രണ്ടുപേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ ബ്രൂക്ലിനില്‍ മൂന്നുനില താമസക്കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. ഏഴ് കുട്ടികളുള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഫ്‌ളാറ്റ്ബുഷ് മേഖലയിലായിരുന്നു അപകടം. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള തിരച്ചില്‍ അഗ്നിരക്ഷാസേന തുടരുകയാണ്.

സമീപത്തെ കുഴിയെടുക്കല്‍ പ്രവൃത്തിയുടെ ഭാഗത്തേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. ഇതോടെ കെട്ടിടത്തിന്റെ ഉള്‍ഭാഗങ്ങള്‍ പുറത്തേക്ക് ദൃശ്യമാകുന്ന നിലയിലായി. അപകടസ്ഥലത്തുനിന്നുള്ള ചിത്രങ്ങളില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടപ്പുമുറിയും വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരയും കാണാമായിരുന്നു.

അപകടവിവരം ലഭിച്ചതിനെത്തുടര്‍ന്ന് 250ലേറെ അഗ്നിരക്ഷാസേനാംഗങ്ങളെയും പാരാമെഡിക്കല്‍ ജീവനക്കാരെയും സ്ഥലത്തെത്തിച്ചു. ഡ്രോണുകള്‍, തിരച്ചില്‍ നായ്ക്കള്‍, മരവും അവശിഷ്ടങ്ങളും മുറിച്ചുനീക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

നിരവധി മണിക്കൂറുകളായി തുടരുന്ന തിരച്ചില്‍ ഉടന്‍ അവസാനിക്കില്ലെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

കെട്ടിടം തകര്‍ന്നുവീണ ഭാഗത്ത് എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമല്ലെന്നും രക്ഷാപ്രവര്‍ത്തനം ഏറെനേരം തുടരേണ്ടിവരുമെന്നും ന്യൂയോര്‍ക്ക് അഗ്നിരക്ഷാസേനാ കമ്മീഷണര്‍ ലില്ലിയന്‍ ബോണ്‍സിഗ്‌നോര്‍ ബുധനാഴ്ച രാത്രി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും ഇവരുടെ പ്രായം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കെട്ടിടം തകരുന്നതിന് തൊട്ടുമുമ്പ് വലിയ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനശബ്ദത്തിന് സമാനമായ ശബ്ദവും ആളുകളുടെ നിലവിളിയും കേട്ടതായി ആന്റണി എന്ന ദൃക്‌സാക്ഷി പിക്‌സ് 11 ന്യൂസിനോട് പറഞ്ഞു.

'കെട്ടിടം മുഴുവന്‍ കുലുങ്ങാന്‍ തുടങ്ങി. തൊട്ടുപിന്നാലെ അത് നിലംപതിച്ചു'- മെലിസ ഓര്‍ണ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

അപകടം നടക്കുമ്പോള്‍ സമീപത്തെ സ്ഥലത്ത് നിര്‍മാണത്തോടനുബന്ധിച്ചുള്ള കുഴിയെടുക്കല്‍ പ്രവൃത്തികള്‍ നടന്നുവരികയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് നഗരത്തിലെ കെട്ടിട നിര്‍മാണ വിഭാഗം കമ്മീഷണര്‍ അഹമ്മദ് ടിഗാനി അറിയിച്ചു.

ഇവിടെ മൂന്നുനില കെട്ടിടം നിര്‍മിക്കുന്നതിന് നേരത്തേ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഒമ്പതുനില കെട്ടിടം നിര്‍മിക്കുന്നതിനുള്ള അനുമതിക്കായി ഡെവലപ്പര്‍മാര്‍ ശ്രമിച്ചുവരികയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനൊപ്പം സമീപത്തെ കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷയും സ്ഥിരതയും പരിശോധിച്ചുവരികയാണെന്ന് കെട്ടിട നിര്‍മാണ വിഭാഗം അറിയിച്ചു.

രക്ഷാപ്രവര്‍ത്തകരുടെ സേവനത്തെ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി പ്രശംസിച്ചു. അപകടത്തില്‍ മരിച്ചവരെയും അവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബങ്ങളെയും ഓര്‍ക്കണമെന്ന് അദ്ദേഹം നഗരവാസികളോട് അഭ്യര്‍ഥിച്ചു.

'ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും അവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവര്‍ക്കും വേണ്ടി ഒരു നിമിഷം പ്രാര്‍ഥിക്കാന്‍ ന്യൂയോര്‍ക്ക് നിവാസികളോട് അഭ്യര്‍ഥിക്കുകയാണ്'- മേയര്‍ പറഞ്ഞു.