ന്യൂഡൽഹി: രാജ്യത്ത് അരിക്ഷാമം രൂക്ഷമാകുന്നതിനിടെ വിചിത്ര നീക്കവുമായി കേന്ദ്രസർക്കാർ. കൂടുതൽ അരി എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കും. റേഷൻ അരിയിലെ അടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കും. അരിവില ഉയരുന്നതിനിടെ കേന്ദ്ര സർക്കാരിൻ്റെ നിർണായക തീരുമാനം. സ്റ്റോക്ക് എല്ലാ ആഴ്ചയും വെളിപ്പെടുത്താന്‍ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിര്‍ദേശം നൽകി. കേരളത്തിൽ പൊന്നി അരിക്ക് മൂന്ന് മാസത്തിനിടെ കൂടിയത് 20 രൂപയാണ്.
അരിയുടെ ഉൽപ്പാദനം ഈ വർഷം കുറഞ്ഞേക്കുമെന്ന കണക്കുകൾക്കിടയിലാണ് കൂടുതൽ അരി എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കാൻ കേന്ദ്രം തീരുമാനിക്കുന്നത്. അരിമില്ലുകളിൽ നിന്ന് എഥനോൾ നിർമ്മാണത്തിനായി നുറുക്ക് അരി സംഭരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അടുത്ത വർഷം മുതൽ അരിയിൽ നുറുക്ക് അരി സാന്നിധ്യം 16ൽ നിന്ന് 5 ശതമാനത്തിലേക്ക് കുറയ്ക്കാൻ ആണ് നിർദേശം. എഥനോൾ നിർമാണത്തിന് വേണ്ടി ആണ് കൂടുതൽ നുറുക്ക് അരി സംഭരിക്കുന്നത്.
രാജ്യത്തെ അരിക്ഷാമം എഥനോള്‍ നിർമ്മാണത്തെ ബാധിച്ചതോടെയാണ് നുറുക്ക് അരിയിൽ പിടി വീഴുന്നത്. പൊതുവിതരണത്തിനായുള്ള അരിയുടെ അളവ് ഗണ്യമായി കുറഞ്ഞേക്കും. സംസ്ഥാനത്തും ഇത് നടപ്പിലാക്കാൻ സപ്ലൈകോ നീക്കങ്ങൾ തുടങ്ങി. 42 അരി മില്ലുകളുമായി സപ്ലൈകോ ധാരണ ഉണ്ടാക്കിയതായി റൈസ് മിൽസ് അസോസിയേഷൻ പറയുന്നു. അരിയുടെ ഗുണ നിലവാരം കൂട്ടുന്നതിനാണ് പുതിയ മാറ്റം എന്നാണ് പൊതുവിതരണ മന്ത്രാലയത്തിൻ്റെ വിശദീകരണം.
അരി, പഞ്ചസാര, സവാള വില പൊള്ളിക്കും; പൊന്നിക്ക് 20 രൂപയുടെ വര്‍ധന
അതേസമയം, സംസ്ഥാനത്ത് അരി വില കുതിച്ചുയര്‍ന്നു. പൊന്നിക്ക് മൂന്ന് മാസത്തിനിടെ 20 രൂപയാണ് വര്‍ധിച്ചത്. ഇതിന് പുറമേ സവാളയ്ക്കും പഞ്ചസാരയ്ക്കും ചിലയിനം പച്ചക്കറികള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ഇതോടെ കുടുംബ ബജറ്റ് താളം തെറ്റുന്ന അവസ്ഥയിലാണ്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ആവശ്യക്കാര്‍ ഉള്ള പൊന്നിയുടെ ചില്ലറ വില കിലോഗ്രാമിന് 80 രൂപ കടന്നിരിക്കുകയാണ്. ഒരുമാസത്തിനിടെ 20 രൂപയാണ് വര്‍ധിച്ചത്. വടക്കന്‍ കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊരു അരിയിനമായ കുറുവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. കിലോഗ്രാമിന് 46 രൂപയില്‍ നിന്ന് 55 രൂപയായാണ് കൂടിയത്. ജയ അരിയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. 42 രൂപയില്‍ നിന്ന് 50 രൂപയായാണ് വര്‍ധിച്ചത്. ബിരിയാണി അരിയ്ക്കും വില കൂടിയതായി കച്ചവടക്കാര്‍ പറയുന്നു.
പഞ്ചസാര വിലയില്‍ അഞ്ചുരൂപയുടെ വര്‍ധനയാണ് ഉണ്ടായത്. കിലോഗ്രാമിന് 60 രൂപയില്‍ നിന്ന് 65 രൂപയായാണ് പഞ്ചസാര വില വര്‍ധിച്ചത്. സവാള വില 70 രൂപയായാണ് കുതിച്ചത്. 55 രൂപയാണ് പഴയ വില. ഇതിനൊപ്പം ഉള്ളി വിലയും കൂടിയിട്ടുണ്ട്. ചിലയിനം പച്ചക്കറികളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. കരിച്ചന്തയും പൂഴ്ത്തിവെയ്പും തടയാന്‍ അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് ഓരോ ആഴ്ചയും വെളിപ്പെടുത്താന്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയം രാജ്യത്തെ വ്യാപാരികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും പ്രളയമാണ് പൊന്നി അരിയുടെ വില വര്‍ധനയ്ക്ക് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
അരിക്ഷാമം രൂക്ഷമാകുന്നതിനിടെ വിചിത്ര നീക്കവുമായി കേന്ദ്രസർക്കാർ; എഥനോൾ ഉൽപ്പാദനത്തിന് കൂടുതൽ അരി ഉപയോഗിക്കും, റേഷനരിയിലടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കും
