പീറ്റ് ഹെഗ്‌സെത്തിന് ഇംപീച്ച്മെന്റ് ഭീഷണി ഒഴിഞ്ഞു; റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രതിരോധിച്ചു

പീറ്റ് ഹെഗ്‌സെത്തിന് ഇംപീച്ച്മെന്റ് ഭീഷണി ഒഴിഞ്ഞു; റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രതിരോധിച്ചു


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ജനപ്രതിനിധിസഭയില്‍ പരാജയപ്പെട്ടു. കഴിഞ്ഞയാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടി, ഹെഗ്‌സെത്തിന് അനുകൂലമായി ഒറ്റക്കെട്ടായി നിലകൊണ്ടതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമായിരുന്ന ഇംപീച്ച്മെന്റ് വോട്ടെടുപ്പ് ഒഴിവായി.

ട്രംപ് വിരുദ്ധ നിലപാടുകള്‍ക്ക് പേരുകേട്ട റിപ്പബ്ലിക്കന്‍ അംഗം തോമസ് മാസിയാണ് ഹെഗ്‌സെത്തിനെതിരെ ഇംപീച്ച്മെന്റ് നടപടിക്ക് തുടക്കമിട്ടത്. എന്നാല്‍ നീക്കം പരാജയപ്പെടുത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും തിരശ്ശീലയ്ക്കു പിന്നില്‍ ശക്തമായ ഇടപെടല്‍ നടത്തിയതായി ഒന്നിലധികം വൃത്തങ്ങളെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷവും ആവശ്യത്തിന് റിപ്പബ്ലിക്കന്‍ അംഗങ്ങളെ വോട്ടെടുപ്പില്‍ പങ്കെടുപ്പിച്ച് പ്രമേയം ജുഡീഷ്യറി കമ്മിറ്റിക്ക് വിടാന്‍ നേതൃത്വം ധാരണയിലെത്തി. ഇതോടെ ജനപ്രതിനിധിസഭയില്‍ നേരിട്ടുള്ള പരിഗണനയില്‍നിന്ന് പ്രമേയം ഒഴിവാക്കുകയും ഇംപീച്ച്മെന്റ് നീക്കം ഫലത്തില്‍ അവസാനിക്കുകയും ചെയ്തു.

പ്രമേയം ജുഡീഷ്യറി കമ്മിറ്റിക്ക് കൈമാറുന്നതിനെ അനുകൂലിച്ച് 211 പേരും എതിര്‍ത്ത് 204 പേരും വോട്ട് ചെയ്തു. ഇതോടെ കടുത്ത രാഷ്ട്രീയ സമ്മര്‍ദം നേരിടുന്ന പെന്റഗണ്‍ മേധാവി ഹെഗ്‌സെത്തിന് നിര്‍ണായക വിജയം ലഭിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ തുടരുകയാണ്.

ഹെഗ്‌സെത്തിനെതിരെ ഇംപീച്ച്മെന്റ് നടപടിക്ക് തുടക്കമിട്ട കെന്റക്കിയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ ജനപ്രതിനിധി തോമസ് മാസി മാത്രമാണ് പ്രമേയവുമായി മുന്നോട്ടുപോകുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. യുദ്ധവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവാണ് മാസി.

കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെ യുദ്ധം നടത്തിയതിലൂടെ ഹെഗ്‌സെത്ത് ഭരണഘടന ലംഘിച്ചുവെന്നാണ് മാസിയുടെ പ്രധാന ആരോപണം. കരീബിയന്‍ കടലില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന് സംശയിക്കുന്ന ബോട്ടുകള്‍ക്കുനേരെ മാരകമായ ആക്രമണങ്ങള്‍ നടത്തുകയും സാധാരണക്കാര്‍ക്കുള്ള നാശനഷ്ടം പരമാവധി കുറയ്ക്കാനുള്ള നിയമങ്ങള്‍ അവഗണിക്കുകയും ചെയ്തതായും അദ്ദേഹം ആരോപിച്ചു.

ഹെഗ്‌സെത്തിന്റെയും പ്രസിഡന്റ് ട്രംപിന്റെയും പിന്തുണയുള്ള സ്ഥാനാര്‍ഥിയോട് പ്രൈമറി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മാസി ഈ വര്‍ഷം അവസാനത്തോടെ കോണ്‍ഗ്രസില്‍നിന്ന് പിന്മാറും.

കഴിഞ്ഞ വര്‍ഷം പ്രതിരോധ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിനുതന്നെ ഹെഗ്‌സെത്തിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില അംഗങ്ങളുടെ എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നു. പിന്നീട് ഇറാനുമായുള്ള ഏറെ ജനപിന്തുണയില്ലാത്ത യുദ്ധത്തിന്റെ പരസ്യ മുഖമായി അദ്ദേഹം മാറുകയും ചെയ്തു.

മാസിയുടെ ഇംപീച്ച്മെന്റ് നീക്കം, വൈറ്റ് ഹൗസിനുള്ള പിന്തുണ ഉറപ്പാക്കാനുള്ള അവസരമായി ഹെഗ്‌സെത്ത് ഉപയോഗിച്ചതായാണ് വിലയിരുത്തല്‍. ഹെഗ്‌സെത്ത് രാജിവെക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്ന് ചില റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്ന സാഹചര്യത്തിലായിരുന്നു ഇത്.

ചൊവ്വാഴ്ച വോട്ടെടുപ്പിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, തന്നെ പുറത്താക്കാനുള്ള നീക്കത്തെ ട്രംപിനെതിരെ ജനപ്രതിനിധിസഭ മുമ്പ് രണ്ടുതവണ നടത്തിയ ഇംപീച്ച്മെന്റ് നടപടികളുമായി ഹെഗ്‌സെത്ത് താരതമ്യം ചെയ്തു.

'രണ്ടു തവണയും അദ്ദേഹം കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു. അമേരിക്കന്‍ ജനത അദ്ദേഹത്തെ വീണ്ടും വൈറ്റ് ഹൗസിലേക്ക് അയച്ചു. ഇപ്പോള്‍ മൂന്നാം തവണയാണ് അവര്‍ ശ്രമിക്കുന്നത്. ഇത്തവണ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെയാണ് നീക്കം. അതും പരാജയപ്പെടും' ഹെഗ്‌സെത്ത് പറഞ്ഞു.

'പ്രസിഡന്റ് ട്രംപിനൊപ്പം നില്‍ക്കുന്നതിന്റെ പേരില്‍ എനിക്ക് അത്തരമൊരു പട്ടികയില്‍ ഇടം ലഭിക്കുന്നുവെങ്കില്‍ അതില്‍ അഭിമാനത്തോടെ തുടരും' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ് ഹെഗ്‌സെത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജനപ്രതിനിധിസഭ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ട് ചെയ്താലും ഹെഗ്‌സെത്ത് സ്ഥാനത്ത് തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

'രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ളതും വിജയകരവുമായ സൈനിക ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഹെഗ്‌സെത്ത്' എന്നായിരുന്നു തിങ്കളാഴ്ച സമൂഹമാധ്യമത്തിലൂടെ ട്രംപ് വിശേഷിപ്പിച്ചത്.