'ഉപഭോക്താവിന്‍റെ പണം പോകും മുന്‍പ് തടയൂ'; ഡിജിറ്റല്‍ അറസ്റ്റില്‍ ബാങ്കുകളോട് സുപ്രീം കോടതി, നടപടികള്‍ അറിയിക്കാൻ വാട്‌സ്ആപ്പിനോടും നിർദ്ദേശം

'ഉപഭോക്താവിന്‍റെ പണം പോകും മുന്‍പ് തടയൂ'; ഡിജിറ്റല്‍ അറസ്റ്റില്‍ ബാങ്കുകളോട് സുപ്രീം കോടതി, നടപടികള്‍ അറിയിക്കാൻ വാട്‌സ്ആപ്പിനോടും നിർദ്ദേശം


ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളും മറ്റ് സൈബര്‍ കുറ്റകൃത്യങ്ങളും തടയാന്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കാന്‍ വാട്സാപ്പിനും മറ്റ് ഇടനിലക്കാര്‍ക്കും സുപ്രീം കോടതിയുടെ നിര്‍ദേശം. വ്യാജ രേഖകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്ക് പൊതുജനങ്ങള്‍ ഇരയാകുന്ന വിഷയത്തില്‍ കോടതി സ്വമേധയാ എടുത്ത കേസിലാണ് ഇടപെടല്‍. ഒക്ടോബര്‍ 29 ന് നടന്ന വാദം കേള്‍ക്കലിന് ശേഷം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിലാണ് നിര്‍ദേശം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരുടെ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. വാട്സ്ആപ്പും സമാനമായ മറ്റ് ഇടനിലക്കാരും തങ്ങളുടെ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍ററിന് കൂടി സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹര്‍ജി നവംബര്‍ 23 ന് വീണ്ടും പരിഗണിക്കും.

വിഷയത്തില്‍ വാട്‌സ്ആപ്പ് ഇതിനകം പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. 9,400 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തെന്നും സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംശയാസ്പദമായ അക്കൗണ്ടുകള്‍ തിരിച്ചറിയാനും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുമുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മെറ്റ കമ്പനി ഉള്‍പ്പെടെയുള്ള മറ്റ് ബന്ധപ്പെട്ട ഇടനിലക്കാര്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളും അനുബന്ധ സൈബര്‍ കുറ്റകൃത്യങ്ങളും തടയാന്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് അറിയിക്കാനും കോടതി നിര്‍ദേശിച്ചു.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കും മറ്റ് സൈബര്‍ തട്ടിപ്പുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങളെയും ഉത്തരവാദികളാക്കണമെന്ന് ഒക്ടോബര്‍ 29 ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ബാങ്കുകള്‍ വേണ്ടത്ര ജാഗ്രത പാലിക്കാത്തതുകൊണ്ടാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ ഇരകള്‍ക്കുണ്ടായ നഷ്ടത്തിന് ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വ്യക്തമാക്കി. തട്ടിപ്പ് തടയുന്നതിലോ അത് റിപ്പോര്‍ട്ട് ചെയ്യുന്നതിലോ ധനകാര്യ സ്ഥാപനത്തിന് ജാഗ്രതക്കുറവ് സംഭവിച്ചുവെന്ന് തെളിഞ്ഞാല്‍, ഉപഭോക്താവിന് നഷ്ടപ്പെട്ട തുകയോ അതില്‍ കുറയാത്ത തുകയോ നഷ്ടപരിഹാരമായി നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടായിരിക്കണം. ഉപഭോക്താക്കള്‍ തങ്ങളുടെ പതിവ് ഇടപാട് രീതികള്‍ക്ക് വിരുദ്ധമായി അസാധാരണമാം വിധം വലിയ തുകകള്‍ കൈമാറാന്‍ ശ്രമിക്കുമ്പോള്‍ ബാങ്കുകള്‍ക്ക് എന്തുകൊണ്ട് ഇടപെടാന്‍ കഴിയുന്നില്ലെന്ന് വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ചോദിച്ചു.

അക്കൗണ്ടിന്‍റെ മുന്‍കാല ഇടപാടുകളുമായി പൊരുത്തപ്പെടാത്ത അസാധാരണമോ സംശയാസ്പദമോ ആയ ഇടപാടുകള്‍ താത്കാലികമായി മരവിപ്പിക്കുക, അത്തരം ഇടപാടുകളെക്കുറിച്ച് തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക, ഇടപാടുകള്‍ യഥാര്‍ഥമാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങളും നടപ്പിലാക്കണം. സൈബര്‍ കുറ്റകൃത്യം തടയാന്‍ ആര്‍ബിഐ നിര്‍ദേശിച്ച നിയന്ത്രണ നടപടികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക അടുത്ത വാദം കേള്‍ക്കുന്ന ദിവസം കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ആര്‍ബിഐയോടും ബെഞ്ച് നിര്‍ദേശിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളില്‍ 50 ശതമാനം കുറവുണ്ടായിട്ടും ഈ വര്‍ഷം ഇതുവരെ ഇരകള്‍ക്ക് 800 കോടി രൂപ നഷ്ടപ്പെട്ടുവെന്ന് ബെഞ്ച് നിരീക്ഷിച്ചു. ആര്‍ബിഐയുടെ നിര്‍ദിഷ്ട നിയന്ത്രണ ചട്ടക്കൂടില്‍ നഷ്ടപരിഹാരം, പ്രതിരോധ ഇടപെടലുകള്‍, സ്ഥാപനപരമായ ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

ആര്‍ബിഐയുടെ കെവൈസി ഭേദഗതി നിര്‍ദേശങ്ങള്‍ പരിശോധിച്ചതിന് ശേഷമേ നിയന്ത്രണ നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കൂ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഈ നിര്‍ദേശങ്ങള്‍ നവംബര്‍ 30-നകം വിജ്ഞാപനം ചെയ്യാനും ഡിസംബര്‍ 31-ഓടെ നടപ്പിലാക്കാനുമാണ് ഉദ്ദേശിക്കുന്നത്. അക്കൗണ്ട് ഉടമകളുടെ ഇടപാട് ഹിസ്റ്ററി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളുടെ പക്കലുണ്ടെന്നും പണം അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെടുന്നതിന് മുന്‍പ് തട്ടിപ്പുകള്‍ തടയാന്‍ ഈ അറിവ് അവര്‍ ഉപയോഗിക്കണമെന്നും പറഞ്ഞു.

കേന്ദ്രത്തിനും മറ്റ് അധികാരികള്‍ക്കും വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി, ബാങ്കിങ് സംവിധാനത്തിനുള്ളില്‍ സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തുന്നതിനും പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളെക്കുറിച്ചും അവയെത്തുടര്‍ന്നുണ്ടായ അന്വേഷണങ്ങളെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അന്വേഷണ ഏജന്‍സികളോട് ബെഞ്ച് നിര്‍ദേശിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജിപിമാരെ ചുമതലപ്പെടുത്തി.