ക്യാമറാമാന്‍ ഷാജി കുമാര്‍ അന്തരിച്ചു

ക്യാമറാമാന്‍ ഷാജി കുമാര്‍ അന്തരിച്ചു


കൊച്ചി: പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ (57) അന്തരിച്ചു. ദിലീപിന്റെ സിനിമ ഹെനോക്കിന്റെ ചിത്രീകരണത്തിനിടെ സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നു പുലര്‍ച്ചയാണ് മരിച്ചത്. പുലിമുരുകന്‍, നരന്‍, ഒടിയന്‍, പോക്കിരിരാജ തുടങ്ങി അമ്പതിലധികം സിനിമകളുടെ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചു.

മാസ് ആക്ഷന്‍ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ഷാജി കുമാര്‍. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനില്‍ ബാബു എന്നീ സംവിധായര്‍ക്കൊപ്പമാണ് കൂടുതല്‍ പ്രവര്‍ത്തിച്ചത്. 

ഉത്തമന്‍, പകല്‍പ്പൂരം, പട്ടണത്തില്‍ സുന്ദരന്‍, നസ്രാണി, റോബിന്‍ഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, റിങ് മാസ്റ്റര്‍, മല്ലു സിങ്, രാമലീല, പത്തൊന്‍പതാം നൂറ്റാണ്ട്, ബാന്ദ്ര, കാഥികന്‍, തുടരും തുടങ്ങിയ സിനിമകളുടെ ക്യാമറാമാനായിരുന്നു. റിലീസിന് ഒരുങ്ങുന്ന മോഹന്‍ലാലിന്റെ അതിമനോഹരം, സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായിരുന്നു. 

മൃതദേഹം സ്വകാര്യാശുപത്രിയില്‍ നിന്നും വാഴക്കാലയിലെ വില്ലയിലേക്കും തുടര്‍ന്ന് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലും പൊതുദര്‍ശനത്തിന് മാറ്റും. വൈകിട്ട് പെരുമ്പാവൂരിലെ വീട്ടില്‍ വൈകിട്ട് ഏഴു മണിയോടെ സംസ്‌ക്കരിക്കും.