2028 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജെ ഡി വാന്‍സിനുള്ള പിന്തുണ ആവര്‍ത്തിക്കാന്‍ വിസമ്മതിച്ച് മാര്‍ക്കോ റൂബിയോ; പീറ്റ് ഹെഗ്സെത്തിനെ പിന്തുണച്ച് രംഗത്ത്

2028 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജെ ഡി വാന്‍സിനുള്ള പിന്തുണ ആവര്‍ത്തിക്കാന്‍ വിസമ്മതിച്ച് മാര്‍ക്കോ റൂബിയോ; പീറ്റ് ഹെഗ്സെത്തിനെ പിന്തുണച്ച് രംഗത്ത്


പാരിസ്: 2028ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന മുന്‍ നിലപാട് ആവര്‍ത്തിക്കാന്‍ വിസമ്മതിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാരിസില്‍ തിങ്കളാഴ്ച ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് റൂബിയോ മറുപടി നല്‍കിയത്. വാന്‍സ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന മുന്‍ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, '2028നെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു തരത്തിലും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യില്ല' എന്നായിരുന്നു മറുപടി.

മുമ്പ് ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നെങ്കിലും ഇപ്പോള്‍ നിലപാട് വ്യക്തമാക്കാത്തതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തിയില്ല. ചോദ്യങ്ങള്‍ പല രീതിയില്‍ ആവര്‍ത്തിച്ചാലും മറുപടി നല്‍കാന്‍ തയാറല്ലെന്നും അത് തന്റെ തീരുമാനമാണെന്നും റൂബിയോ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വാന്‍സ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് റൂബിയോ വ്യക്തമാക്കിയിരുന്നു. 'ജെ ഡി വാന്‍സ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കില്‍ അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകും. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ആദ്യ വ്യക്തികളില്‍ ഒരാളായിരിക്കും ഞാന്‍,' എന്നായിരുന്നു വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ റൂബിയോ പറഞ്ഞത്.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരേ ഇംപീച്ച്മെന്റ് നടപടികള്‍ക്ക് നീക്കം ശക്തമാകുന്നതിനിടെ അദ്ദേഹത്തിന് പിന്തുണയുമായി റൂബിയോ രംഗത്തെത്തി.

'അദ്ദേഹം മികച്ച ജോലിയാണ് ചെയ്യുന്നത്,' എന്നായിരുന്നു ഹെഗ്സെത്തിനെക്കുറിച്ചുള്ള റൂബിയോയുടെ പ്രതികരണം.

ഹെഗ്സെത്തിനെ ദിവസവും അടുത്തുനിന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും കാണാന്‍ കഴിയാത്ത അദ്ദേഹത്തിന്റെ മറ്റൊരു വശം തനിക്ക് അറിയാമെന്നും റൂബിയോ പറഞ്ഞു. വിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തുന്ന പ്രൊഫഷണലിസവും പ്രവര്‍ത്തനമികവും നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെന്റക്കിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസി തിങ്കളാഴ്ച ജനപ്രതിനിധി സഭയില്‍ ഹെഗ്സെത്തിനെതിരായ ഇംപീച്ച്മെന്റ് പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ബുധനാഴ്ചയോടെ ഇംപീച്ച്മെന്റ് വോട്ടെടുപ്പിലേക്ക് നീങ്ങാനുള്ള സാഹചര്യമാണിതിലൂടെ ഒരുങ്ങുന്നത്.

ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട നടപടികളിലൂടെ ഹെഗ്സെത്ത് തന്റെ ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് മാസിയുടെ ആരോപണം. മറ്റൊരു രാജ്യത്തിനെതിരെ യുദ്ധം ആരംഭിക്കാന്‍ നിയമവിരുദ്ധമായ ഉത്തരവുകള്‍ മനഃപൂര്‍വം നടപ്പാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

ഹെഗ്സെത്തിനെതിരേ ഒരു റിപ്പബ്ലിക്കന്‍ അംഗം തന്നെ ഇംപീച്ച്മെന്റ് നടപടികള്‍ക്ക് തുടക്കമിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ആ നീക്കം അന്യായമാണെന്നായിരുന്നു റൂബിയോയുടെ പ്രതികരണം.

'ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തോടൊപ്പം എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹം ചെയ്യുന്ന ജോലിയും അതില്‍ പുലര്‍ത്തുന്ന പ്രൊഫഷണലിസവും നേരിട്ട് കണ്ടിട്ടുള്ളതാണ്,' റൂബിയോ പറഞ്ഞു.