ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ്ങിനെതിരെ എഫ്ബിഐ അന്വേഷണം നടത്തുന്നതായി ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ്ങിനെതിരെ എഫ്ബിഐ അന്വേഷണം നടത്തുന്നതായി ട്രംപ്


വാഷിംഗ്്ടണ്‍: ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന യുവതിയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ എന്‍വിഡിയ സി ഇ ഒ ജെന്‍സന്‍ ഹുവാങ്ങിനെതിരെ എഫ് ബി ഐ അന്വേഷണം നടത്തിവരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച അപ്രതീക്ഷിതമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, ബന്ധപ്പെട്ട യുവതിക്ക് ചാരബന്ധമുണ്ടെന്ന കാര്യം ഹുവാങ്ങിന് അറിയില്ലായിരുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'ഈ വിഷയത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു കാര്യവുമായി ബന്ധപ്പെട്ട് എഫ് ബി ഐ അന്വേഷണം നടത്തുന്നുണ്ടെന്ന് എനിക്കറിയാം. ഹുവാങ് സുരക്ഷിതനായിരിക്കുമെന്നാണ് കരുതുന്നത്,' ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഹുവാങ്ങിനെ തനിക്ക് അടുത്തറിയാമെന്നും അദ്ദേഹം മാന്യനായ വ്യക്തിയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ കമ്പനിയായ എന്‍വിഡിയയെ വലിയ നേട്ടങ്ങളിലേക്ക് നയിച്ചത് ഹുവാങ്ങാണെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ മാസം ഹുവാങ്ങിന് ദേശീയ ശാസ്ത്ര മെഡല്‍ സമ്മാനിച്ച ട്രംപ് തിങ്കളാഴ്ച തന്നെ ഫോണില്‍ ബന്ധപ്പെട്ട് ക്ഷേമവിവരങ്ങള്‍ അന്വേഷിച്ചതായും വെളിപ്പെടുത്തി.

ചാരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുവതിയെക്കുറിച്ച് ഹുവാങ്ങിന് യാതൊരു അറിവുമില്ലായിരുന്നുവെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായി ട്രംപ് വ്യക്തമാക്കി. 'ആ യുവതി ചാരയാണെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ എന്ന് ഞാന്‍ ചോദിച്ചു. അക്കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. അദ്ദേഹം പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു,' ട്രംപ് പറഞ്ഞു.

ഭാര്യയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ഹുവാങ് ഏറെ വിഷമത്തിലാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ടെക്നോളജി കമ്പനി മേധാവിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഹുവാങ് സമ്മതിച്ചതിനു പിന്നാലെയാണ് എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് അന്വേഷണം ആരംഭിച്ചത്. ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധമുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സംശയിക്കുന്ന വ്യക്തിയാണ് ഇവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തിലെ ഏറ്റവും ശക്തമായ കമ്പ്യൂട്ടര്‍ ചിപ്പുകളില്‍ പലതും നിര്‍മിക്കുന്നത് എന്‍വിഡിയയായതിനാല്‍ ഈ ബന്ധം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കമ്പനിയുടെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളോ തന്ത്രപ്രധാനമായ വിവരങ്ങളോ ചോര്‍ന്നിട്ടുണ്ടോയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

അടുത്തയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഈ വിഷയം താന്‍ ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ ഷി ഇക്കാര്യം ചോദിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു.

ഏഷ്യ- പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയോടനുബന്ധിച്ച് അടുത്തയാഴ്ച ചൈനയിലെ ഷെന്‍ഷെനിലാണ് ട്രംപും ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തുന്നത്.

വിദേശ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഹുവാങ്ങിനെ ലക്ഷ്യമിട്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഭരണകൂടത്തില്‍നിന്ന് ലഭിക്കേണ്ടതുണ്ടെന്ന് അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രീസ് പറഞ്ഞു.

എന്‍വിഡിയയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി വിശദമായ വിശദീകരണം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നയ ബില്ലിലൂടെ ചൈനയിലേക്കുള്ള കമ്പ്യൂട്ടര്‍ ചിപ്പ് വില്‍പ്പനയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും കോണ്‍ഗ്രസ് പരിഗണിച്ചേക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

'കോണ്‍ഗ്രസിന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണ്. എന്‍വിഡിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ വിശദീകരണം ലഭിക്കേണ്ടതുണ്ട്,' ന്യൂയോര്‍ക്കില്‍നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയായ ജെഫ്രീസ് മാധ്യമങ്ങളോട് പറഞ്ഞു.

വിദേശ രഹസ്യാന്വേഷണ നീക്കത്തിന്റെ ലക്ഷ്യമായിരുന്നുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുകയാണെന്ന് എന്‍വിഡിയ ഞായറാഴ്ച അറിയിച്ചിരുന്നു.

ബിസിനസ് രംഗത്തെ ഒരു വനിതാ എക്‌സിക്യൂട്ടീവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ഹുവാങ് നേരത്തെ സമ്മതിച്ചിരുന്നു. തുടര്‍ന്ന് ഭാര്യയോടും കമ്പനിയോടും ക്ഷമാപണം നടത്തിക്കൊണ്ട് എന്‍വിഡിയയുടെ വെബ്‌സൈറ്റില്‍ തുറന്ന കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍, ബന്ധപ്പെട്ട വനിതയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.

'അന്വേഷണത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. പൂര്‍ണമായും സഹകരിക്കുകയും ചെയ്യും. നമ്മുടെ രാജ്യത്തെയും കമ്പനിയെയും ഞാന്‍ സ്‌നേഹിക്കുന്നു. എന്‍വിഡിയയുടെ സംരക്ഷണത്തിനും അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്,' ഹുവാങ് കത്തില്‍ വ്യക്തമാക്കി.

എന്‍വിഡിയയുടെ ചിപ്പുകള്‍ ചൈനയിലേക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹുവാങ് നേരത്തെ പലതവണ വാഷിങ്ടണില്‍ ഇടപെടല്‍ നടത്തിയിരുന്നു.

ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ഓഗസ്റ്റില്‍ ചൈനയിലേക്ക് വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ചിപ്പുകള്‍ വിറ്റതെന്ന് എന്‍വിഡിയ ഒരു റെഗുലേറ്ററി ഫയലിങ്ങില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ചാരപ്രവര്‍ത്തന ആരോപണങ്ങള്‍ ബീജിങ്ങിനെതിരായ അപകീര്‍ത്തികരമായ പ്രചാരണമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.